ഏത് ലൈനിലൂടെ വാഹനം ഓടിക്കണം? ദേശീയപാത 66 ൽ നിയമമറിയാതെ ഡ്രൈവർമാർ; പാലിക്കണം നിർദേശങ്ങളും നിയമങ്ങളും

news image
Nov 7, 2026, 8:23 am GMT+0000 payyolionline.in

തിരുവനന്തപുരം: ദേശീയപാത 66 ആറുവരിപ്പാതയിൽ വാഹനാപകടങ്ങൾ വർധിക്കുന്നു. ഡ്രൈവർമാരുടെ നിയമലംഘനങ്ങളും അശ്രദ്ധമായ ഡ്രൈവിങ് രീതിയും നിയമങ്ങളോടുള്ള അജ്ഞതയുമാണ് അപകടങ്ങൾക്ക് പ്രധാന കാരണം. അമിതവേഗവും തെറ്റായ ദിശയിലുള്ള യാത്രയും അനധികൃത പാർക്കിങ് തുടങ്ങിയ നിയമലംഘനങ്ങൾ ദേശീയപാതയോരങ്ങളിൽ തുടർച്ചയായി നടക്കുന്നുണ്ട്. എന്നാൽ, അപകടങ്ങളുണ്ടാക്കുമ്പോൾ മാത്രമാണ് അധികൃതർ പരിശോധന നടത്തുക. അത് കുറച്ച് കാലം കഴിഞ്ഞാൽ പതിയെ നിലക്കുകയും ചെയ്യുമെന്ന് നാട്ടുകാർ പറയുന്നു.

ദേശീയപാതയിൽ എങ്ങനെ വാഹനം ഓടിക്കണം എന്നത് സംബന്ധിച്ച് ഇന്നും പല ഡ്രൈവർമാർക്കും വ്യക്തതയില്ല. ഭാരവാഹനങ്ങളും വേഗം കുറഞ്ഞ വാഹനങ്ങളുമാണ് സർവിസ് റോഡിനോട് സമീപത്തെ ആദ്യ ലൈൻ ഉപയോഗിക്കേണ്ടത്. എന്നാൽ, പലപ്പോഴും ഭാരവാഹനങ്ങൾ രണ്ട്, മൂന്ന് ലൈനുകൾ വഴിയാണ് സഞ്ചരിക്കുന്നത്. ഇങ്ങനെ സഞ്ചരിച്ചാൽ ഗതാഗത നിയമലംഘനത്തിന് പിഴ ഈടാക്കും. വേഗത്തിലുള്ള വാഹനങ്ങൾക്ക് രണ്ടാം ലെയിൻ ഉപയോഗിക്കാം. അവശ്യ സർവിസുകളായ ആംബുലൻസ്, അഗ്നിരക്ഷാസേന, പൊലീസ് തുടങ്ങിയവർക്ക് ഉപയോഗിക്കാനുള്ളതാണ് മൂന്നാമത്തെ ലൈൻ. ഓവർടേക്കിങ്ങിന് മാത്രം ഇതുപയോഗിക്കാം. മുന്നിലെ വാഹനത്തെ മറികടന്ന ശേഷം മൂന്നാം ലൈനിൽ തുടരാതെ 2ാം ലൈനിലേക്ക് മാറണം. ഇതു പാലിക്കപ്പെടാറില്ല.

സംസ്ഥാനത്തെ ദേശീയപാതയിൽ ഉയർന്നുവരുന്ന സുരക്ഷാ വെല്ലുവിളികളെക്കുറിച്ച് നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച്ച് സെന്ററും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിവേഗ പാതകളിലെ ഗതാഗതരീതിയോട് വാഹനയാത്രക്കാരും കാൽനടയാത്രക്കാരും വേണ്ടത്ര പൊരുത്തപ്പെട്ടിട്ടില്ലെന്നതും റോഡിന്റെ രൂപകൽപനയിലും പ്രവർത്തനത്തിലുമുള്ള പോരായ്മകളും അപകടസാധ്യത വർധിപ്പിക്കാമെന്നുമാണ് മുന്നറിയിപ്പ്. ദേശീയപാത അതോറിറ്റി, പൊലീസ്, മോട്ടോർ വാഹന വകുപ്പ്, ജില്ലാ ഭരണകൂടം എന്നിവ സംയുക്തമായി സുരക്ഷാ ഓഡിറ്റ് നടത്തണമെന്ന ആവശ്യവും ശക്തമാണ്.

അനധികൃത പാർക്കിങ്ങും ദേശീയപാതയിലുണ്ട്. ഭാരവാഹനങ്ങൾ ഇരുട്ടിൽ നിർത്തിയിടുന്നത് മറ്റു വാഹനങ്ങൾക്ക് ഭീഷണിയാണ്. ലോറികൾ അശ്രദ്ധമായി ദേശീയപാതകളിൽ നിർത്തിയിടാറുണ്ട്. നിർത്തിയിടുന്ന വാഹനങ്ങളിൽ സൂചനാ ലൈറ്റുകൾ ഓൺ ചെയ്യാറില്ല. മുന്നറിയിപ്പ് ലൈറ്റില്ലാത്തതിനാൽ അടുത്തെത്തുമ്പോഴാണ് വാഹനം നിർത്തിയിട്ടിരിക്കുന്നത് ശ്രദ്ധയിൽപെടുക. ഗതാഗതം വർധിച്ചിട്ടും പാർക്കിങ് സംവിധാനം, രാത്രികാല പട്രോളിങ്, മുന്നറിയിപ്പു ബോർഡുകൾ, നിരീക്ഷണം തുടങ്ങിയവ കാര്യക്ഷമാക്കിയില്ലെന്ന് ആരോപണമുയരുന്നുണ്ട്.

പൊലീസ് നിർദേശങ്ങൾ
ഭാരവാഹനങ്ങളും വേഗനിയന്ത്രണമുള്ള വാഹനങ്ങളും ഇടതുവശത്തെ ലൈനിൽ സഞ്ചരിക്കണം.
തടസ്സമോ വേഗം കുറഞ്ഞ വാഹനമോ മറികടക്കേണ്ടിവരുമ്പോൾ മാത്രം താൽക്കാലികമായി മറ്റൊരു ലൈൻ ഉപയോഗിക്കാം.
ഓവർടേക്കിങ് പൂർത്തിയായാൽ സുരക്ഷിതമായി ഇടതുവശത്തെ ലൈനിലേക്ക് മടങ്ങണം.
ലൈൻ മാറുന്നതിന് മുമ്പ് ഇൻഡിക്കേറ്റർ നൽകണം.
തുടർച്ചയായ വെള്ളവരയോ മഞ്ഞവരയോ മുറിച്ചുകടക്കരുത്.
പ്രത്യേക വാഹനങ്ങൾക്കായി അടയാളപ്പെടുത്തിയ ലൈനിൽ മറ്റു വാഹനങ്ങൾ പ്രവേശിക്കരുത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe