സസ്പെൻഷനിലുള്ള ഐഎഎസ് ഉദ്യോഗസ്ഥൻ എൻ പ്രശാന്തിന് വീണ്ടും കുരുക്ക്. അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതിന് ചീഫ് സെക്രട്ടറി നോട്ടീസ് നൽകി. റിവ്യൂ കമ്മിറ്റി ചേരാനിരിക്കേയാണ് നടപടി. എൻ പ്രശാന്ത് നിലവിൽ സസ്പെസൻഷനിലാണ്. എട്ടാം തവണയാണ് അച്ചടക്ക നടപടി.
മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ബിജു പ്രഭാകറിന്റെ പുസ്തക പ്രകാശന വേദിയിലായിരുന്നു ഇടത് സർക്കാറിനെ കരിനിഴലിലാക്കിയും വിമർശിച്ചും ഉദ്യോഗസ്ഥർ രംഗത്തെത്തിയത്.സർക്കാറിന്റെ ഭാഗമായ ഉദ്യോഗസ്ഥർക്ക് സംസാര സ്വാതന്ത്ര്യം നിഷേധിക്കുന്നു എന്നതായിരുന്നു ചടങ്ങിൽ പങ്കെടുത്ത പ്രശാന്ത് നായർ ഐഎഎസിന്റെ വേദിയിൽ വച്ചുള്ള പ്രധാന ആരോപണം. സർക്കാർ ഉദ്യോഗസ്ഥർക്ക് സംസാരസ്വാതന്ത്ര്യം ലഭിച്ചാൽ പല മേഖലകളിലും മാറ്റങ്ങൾ വരുമെന്നും കേരളത്തിൽ നടക്കുന്നത് കമ്മീഷൻ അടിസ്ഥാനത്തിലുള്ള അഴിമതി എന്നും പ്രശാന്ത് നായർ ഐഎഎസ് പറഞ്ഞു.
അഴിമതിക്കായി ഉദ്യോഗസ്ഥ രാഷ്ട്രീയ തലങ്ങളിൽ ശക്തമായ ലോബി പ്രവർത്തിക്കുന്നുണ്ടെന്നും കോടിക്കണക്കിന് ഫണ്ട് നിയമ വിരുദ്ധമായി വക മാറ്റുന്നുണ്ടെന്നും എൻ പ്രശാന്ത് ആരോപിച്ചു. തനിക്കെതിരായ എല്ലാ നടപടികളും മുഖ്യമന്ത്രി അംഗീകരിച്ച് ചെയ്തതാണെന്നും എൻ പ്രശാന്ത് ട്വന്റിഫോറിനോട് പറഞ്ഞു. ബി അശോകിനെതിരെ അടക്കം എടുത്ത നടപടികൾ നിയമപരമായി നിലനിൽക്കില്ല ഭരണഘടനയ്ക്ക് മുകളിൽ ഉത്തരവിടാൻ ആർക്കും സാധിക്കില്ലന്നും എൻ പ്രശാന്ത് പറഞ്ഞു.
