നട അടച്ച സമയത്തെ ശബരിമല ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിച്ചു. യൂട്യൂബറെ പ്രതിയാക്കി പമ്പ പൊലീസ് കേസെടുത്തു. സംഭവത്തിൽ സ്പെഷ്യൽ കമ്മീഷണർ ആർ ജയകൃഷ്ണൻ പമ്പ പൊലീസിനോടും വനം വകുപ്പിനോടും റിപ്പോർട്ട് തേടി.
വിഷു ആഘോഷം കഴിഞ്ഞ് ശബരിമല നടയടച്ചത് ഏപ്രിൽ 18ന് ആയിരുന്നു. അതിനുശേഷം വീഡിയോ ചിത്രീകരണം നടത്തിയെന്നാണ് വിലയിരുത്തൽ. നട അടച്ചിരിക്കുന്ന സമയത്ത് പമ്പ മുതൽ സന്നിധാനത്ത് പതിനെട്ടാം പടിക്ക് താഴെ വരെയുള്ള കാഴ്ചകൾ ചിത്രീകരിച്ചായിരുന്നു യൂട്യൂബിൽ അപ്ലോഡ് ചെയ്തത്. അതീവ സുരക്ഷാ മേഖലയായ ഇവിടെ ആരുമില്ലാത്ത സമയത്ത് എങ്ങനെ വീഡിയോ ചിത്രീകരിച്ചു എന്നാണ് അന്വേഷണം.
ഏപ്രിൽ 24ന് യൂട്യൂബിൽ അപ്ലോഡ് ചെയ്ത വീഡിയോയ്ക്ക് 10 മിനിറ്റ് ദൈർഘ്യമുണ്ട്. നട അടച്ചുകഴിഞ്ഞാൽ പമ്പയിൽ നിന്ന് മുകളിലേക്ക് പോകാൻ അധികൃതർക്കല്ലാതെ മറ്റാർക്കും അനുവാദമില്ല. ഈ പശ്ചാത്തലത്തിൽ ആയിരുന്നു പമ്പ ഗണപതി ക്ഷേത്രത്തിൽനിന്ന് യൂട്യൂബറുടെ ആളില്ല കാഴ്ചകൾ ആരംഭിച്ചത്. പൊലീസിന്റെ ചെക്കിംഗ് പോയിന്റും കടന്ന് നീലിമലയിലെ പരമ്പരാഗത പാതയിലൂടെ മുകളിലേക്ക് കയറുന്നത് വീഡിയോയിൽ ഉണ്ട്. ആളൊഴിഞ്ഞ പതിനെട്ടാം പടിയും മുകളിലെ കൊടിമരത്തിന്റെ ഭാഗങ്ങളും കാണിച്ചായിരുന്നു വീഡിയോ അവസാനിപ്പിച്ചത്.
സംഭവം വിവാദമായതോടെയാണ് പമ്പ പൊലീസ് കേസെടുത്ത് അന്വേഷണ ആരംഭിച്ചു. എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും യൂട്യൂബറുടെ പേര് വിവരങ്ങൾ ഇല്ല. കേസെടുത്തതോടെ യൂട്യൂബർ വീഡിയോ നീക്കം ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിക്കുന്നു. അതീവ സുരക്ഷാ മേഖലയിൽ കടന്നു കയറിയതിനുള്ള വകുപ്പുകൾ ചേർക്കുന്നതും പൊലീസിന്റെ പരിഗണനയിലുണ്ട്.
