കൊയിലാണ്ടി: സമസ്ത സെന്റിനറി ആഘോഷങ്ങളുടെ ഭാഗമായി ‘വിദ്യാർത്ഥികൾ ആസ്വദിച്ച വെളിച്ചം’ എന്ന പ്രമേയത്തിൽ എസ്എസ്എഫ് കൊയിലാണ്ടി ഡിവിഷൻ ഗ്രാറ്റിറ്റൂഡ് കോൺഫറൻസ് സംഘടിപ്പിച്ചു. കോൺഫറൻസിനു ശേഷം കൊയിലാണ്ടി നഗരത്തെ ഹരിതഭരിതമാക്കി വിദ്യാർത്ഥികളുടെ അതിഗംഭീരമായ റാലിയും നടന്നു.
ഡിവിഷൻ പ്രസിഡന്റ് സഅദ് സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടി സമസ്ത ജില്ലാ മുശാവറ അംഗം എൻ.കെ. അബ്ദുറഹ്മാൻ ദാരിമി ഉസ്താദ് ഉദ്ഘാടനം ചെയ്തു. ഡിവിഷൻ ജനറൽ സെക്രട്ടറി മുഹമ്മദ് റാസി സ്വാഗതം ആശംസിച്ചു.
എസ്എസ്എഫ് സ്റ്റേറ്റ് സെക്രട്ടറി കെ.പി. മുഹമ്മദ് അനസ് മുഖ്യപ്രഭാഷണം നടത്തി. ധാർമിക വിപ്ലവ പ്രസ്ഥാനത്തിന്റെ സജീവതയുടെയും ഉലമാ ആക്ടിവിസത്തിന്റെയും ചരിത്രവും, വിദ്യാർത്ഥികളുടെ ആത്മീയ-സാംസ്കാരിക-ബൗദ്ധിക ഭാവി നിർണയിക്കുന്നതിൽ സംഘടന വഹിക്കുന്ന പങ്കും അദ്ദേഹം ഓർമ്മിപ്പിച്ചു. എസ്എസ്എഫ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. ഉമറലി വി.പി.കെ വിദ്യാർത്ഥികളിൽ സാമൂഹിക-സാമുദായിക ഉത്തരവാദിത്ത ബോധം വളർത്തുന്ന രീതിയിലുള്ള ഹൃദ്യമായ പ്രഭാഷണം നടത്തി.
സിനാൻ തുറയൂർ നന്ദി രേഖപ്പെടുത്തിയ കൗൺസിൽ അസംബ്ലിക്ക് ശേഷം കൊയിലാണ്ടിയുടെ ഹൃദയഭാഗത്ത് വെച്ച് വൻപിച്ച വിദ്യാർത്ഥി റാലി അരങ്ങേറി. അധാർമ്മികതയെ ധാർമികത കൊണ്ട് നേരിടണമെന്ന സന്ദേശമുയർത്തി, സംഘടനയുടെ പതാകയേന്തി നൂറുകണക്കിന് വിദ്യാർത്ഥികൾ റാലിയിൽ അണിനിരന്നു. ഇർഫാൻ സഖാഫിയുടെ സമാപന പ്രസംഗത്തോടുകൂടി റാലി സമാപിച്ചു.
