‘അച്ഛൻ മരിച്ചത് ഭർത്താവിൻറെ നിരന്തര പീഡനം കാരണം’, പരാതി നൽകി യുവതി; ജീവൻ നഷ്ടമായത് മനോവിഷമം കൊണ്ടെന്ന് ആരോപണം

news image
Jun 14, 2026, 12:52 pm GMT+0000 payyolionline.in

കോഴിക്കോട്: താമരശ്ശേരിയിൽ വിമുക്തഭടൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പൊലീസിൽ പരാതി നൽകി മകൾ. കോഴിക്കോട് താമരശ്ശേരി സ്വദേശി കാരാടിപ്പറമ്പത്ത് ഗോപാലൻ(74) ആണ് മരിച്ചത്. തൻറെ ഭർത്താവ് നിരന്തരമായി ഉപദ്രവിച്ചതിലുള്ള മനോവിഷമത്തെ തുടർന്നാണ് അച്ഛൻ മരിച്ചതെന്ന് കാണിച്ച് മകൾ ദിവ്യയാണ് താമരശ്ശേരി പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. മരണത്തിന് ഏതാനും മിനുറ്റുകൾ മുൻപ് ദിവ്യയുടെ സ്ഥാപനത്തിന് മുന്നിൽ വെച്ച് ഭർത്താവ് വിനീഷ് ഗോപാലനെ പിടിച്ച് പുറത്താക്കുകയും ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നതായി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഇതിലുള്ള മനോവിഷമം സുഹൃത്തിനോട് പങ്കുവെക്കാൻ പോകുന്ന വഴിയിലാണ് അച്ഛൻ റോഡരികിൽ കുഴഞ്ഞുവീണതെന്നും ദിവ്യ പറയുന്നു.

വിനീഷ് നിരന്തരം പ്രശ്‌നം ഉണ്ടാക്കുന്ന ആളാണെന്നും കഴിഞ്ഞ ദിവസം രാത്രിയിലും താൻ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കിയിരുന്നെന്നും അവർ കൂട്ടിച്ചേർത്തു. തനിക്കും മക്കൾക്കും നേരെയുണ്ടാവുന്ന നിരന്തരമായ പീഡനം അച്ഛനെ മനോവിഷമത്തിലാക്കിയിരുന്നു. തങ്ങളെ അച്ഛൻ സഹായിക്കുന്നതിലുള്ള വിരോധമാണ് വിനീഷിനെ അച്ഛനു നേരെ തിരിയാൻ ഇടയാക്കിയതെന്നും പൊലീസിന് നൽകിയ പരാതിയിൽ സൂചിപ്പിക്കുന്നുണ്ട്. കുഴഞ്ഞു വീണ ഉടനെ ഗോപാലനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ശാന്ത. ധന്യയാണ് മറ്റൊരു മകൾ. മരുമകൻ: വിവേക്.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe