വിനോദയാത്ര പോയ ബസിന്റെ ടയർ പൊട്ടിത്തെറിച്ച് തീപ്പിടിത്തം; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്

news image
Nov 8, 2026, 1:00 pm GMT+0000 payyolionline.in

പാലക്കാട്: ഒറ്റപ്പാലം വരോട് ഹയർസെക്കൻഡറി സ്‌കൂളിൽനിന്ന് വിനോദയാത്ര പോയ ബസ് കൊടൈക്കനാലിന് സമീപം കത്തിനശിച്ചു. ആർക്കും പരിക്കില്ല. ബസിന്റെ ടയർ പൊട്ടിയത് പരിശോധിക്കാൻ പുറത്തിറങ്ങിയതിനാൽ ബസിലെ 45 വിദ്യാർഥികളും മൂന്ന് അധ്യാപകരും ഒരു രക്ഷിതാവും ഉൾപ്പെടെയുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

വരോട് കെപിഎസ്എംഎം വിഎച്ച്എസ്ഇ സ്‌കൂളിൽനിന്ന് ശനിയാഴ്ച പുലർച്ചയ്ക്കാണ് സംഘം വിനോദയാത്രക്കായി പുറപ്പെട്ടത്. കൊടൈക്കനാൽ സന്ദർശിച്ച ശേഷം മൂന്നാറിലേക്ക് പോകവെ തേനി ജില്ലയിലെ ദേവധാനപ്പെട്ടി എന്ന സ്ഥലത്തുവെച്ചായിരുന്നു സംഭവം.

പ്രഭാത ഭക്ഷണം കഴിച്ച് രാവിലെ പതിനൊന്നു മണിയോടെ ബസിലേക്ക് തിരിച്ചു കയറുന്നതിനിടെ ബസിന്റെ പിൻവശത്തെ ചക്രം പൊട്ടി. തുടർന്ന് എല്ലാവരും പുറത്തിറങ്ങി പരിശോധിക്കുന്നതിനിടെ ടയർ പൊട്ടിയ ഭാഗത്തുനിന്ന് തീ ഉയരുകയായിരുന്നു. ഉടൻ തീ ആളിപ്പടർന്നു.

തുടർന്ന് അടുത്തുള്ള പോലീസ് സ്റ്റേഷനിലും അഗ്‌നിരക്ഷാസേനയേയും വിവരം അറിയിച്ചു. അഗ്‌നിരക്ഷാസേന എത്തി തീ അണച്ചെങ്കിലും ബസിന്റെ പകുതിയിലധികം ഭാഗവും കത്തിനശിച്ചു. വിനോദയാത്രാ സംഘത്തിലുള്ളവരുടെ വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വസ്തുക്കളും കത്തിനശിച്ചിട്ടുണ്ട്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe