അരിക്കൊമ്പന് വേണ്ടി തമിഴ്നാട്ടിൽ ഹരജി; പ്രശസ്തിക്ക് വേണ്ടിയെന്ന് ഹൈകോടതിയുടെ വിമർശനം

news image
Jun 6, 2023, 9:37 am GMT+0000 payyolionline.in

ചെന്നൈ: അരിക്കൊമ്പനെ കേരളത്തിലെ വനത്തിൽ തുറന്നുവിടണമെന്നാവശ്യപ്പെട്ടുള്ള ഹരജിക്കെതിരെ തമിഴ്നാട് ഹൈകോടതിയുടെ രൂക്ഷ വിമർശനം. ഹരജി പ്രശസ്തിക്ക് വേണ്ടിയുള്ളതാണെന്നാണ് തോന്നുന്നതെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ആനയെ അവിടെയും ഇവിടെയും കൊണ്ടുപോയി വിടണമെന്ന് കോടതിക്ക് പറയാനാകില്ലെന്ന് വ്യക്തമാക്കി. അരിക്കൊമ്പനെ കേരളത്തിലേക്ക് തിരികെയെത്തിക്കണം എന്നാവശ്യപ്പെട്ട് കൊച്ചി സ്വദേശിനി റബേക്ക ജോസഫാണ് മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ചിൽ ഹരജി നൽകിയത്.

 

അടിയന്തരമായി കേസ് പരിഗണിക്കണമെന്ന ആവശ്യം കോടതി തള്ളി. അരിക്കൊമ്പനെ തിരുനെൽവേലിയിൽ തുറന്നുവിടരുതെന്നും കേരളത്തിന് കൈമാറണമെന്നുമാണ് ഹരജിയിലെ ആവശ്യം. ആനയുടെ പരിക്ക് ചികിത്സിക്കാൻ പ്രത്യേക മെഡിക്കൽ സംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, തങ്ങൾ സാങ്കേതിക വിദഗ്ധരല്ല, ഇക്കാര്യം ഫോറസ്റ്റ് ബെഞ്ച് കേൾക്കട്ടെയെന്ന് കോടതി പറഞ്ഞു. ലക്ഷങ്ങൾ മുടക്കിയാണ് തമിഴ്നാട് സർക്കാർ ആനയെ പിടികൂടിയത്. ആനയെ എവിടെ കൊണ്ടുപോയി വിടണമെന്ന് കോടതിക്ക് പറയാനാവില്ല. പശ്ചിമഘട്ടവും മറ്റ് വനപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ഒരു കൂട്ടം കേസുകള്‍ ഫോറസ്റ്റ് ബെഞ്ച് കൈകാര്യം ചെയ്യുന്നതിനാല്‍ ആ ബെഞ്ച് അരിക്കൊമ്പന്‍ ഹര്‍ജി പരിഗണിക്കുന്നതാണ് നല്ലതെന്ന് കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, കമ്പത്ത് നിന്ന് തമിഴ്നാട് വനംവകുപ്പ് പിടികൂടിയ അരിക്കൊമ്പനെ തിരുനെൽവേലി മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽ തുറന്നു വിട്ടു. ആനയുടെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് കണ്ടതിനെ തുടർന്നാണ് ചൊവ്വാഴ്ച രാവിലെ ആനയെ തുറന്നു വിട്ടത്. ആനയെ തുറന്നുവിട്ട കാര്യം തമിഴ്നാട് കേരള വനംവകുപ്പിനെ അറിയിച്ചു.മണിമുത്താറിൽ നിന്ന് ഏഴുമണിക്കൂറോളം വനപാതയിൽ കൂടി സഞ്ചരിച്ചാണ് അരിക്കൊമ്പനെ അപ്പർ കോതയാർ മുത്തുക്കുളി വനത്തിലെത്തിച്ചത്. കാലിലും തുമ്പിക്കയിലും ഏറ്റ പരിക്കുകളും മറ്റ് ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് പുലർച്ചവരെ ആനിമൽ ആംബുലൻസിൽ തന്നെ നിർത്തിയ്ത. തുടർന്നാണ് രാവിലെ അരിക്കൊമ്പനെ സ്വതന്ത്രനാക്കിയത്

ആനയെ തുറന്നുവിട്ട കാര്യം തമിഴ്നാട് വനം വകുപ്പ് ഔദ്യോഗികമായി കേരള വനം വകുപ്പിലെ ഉദ്യോഗസ്ഥരെ അറിയിച്ചു. തുറന്നു വിട്ടെങ്കിലും ആന ഇപ്പോഴും മുത്തുക്കുളി വനമേഖലയിൽ തന്നെയാണ് നിൽക്കുന്നത്. വൈദ്യ സംഘമടക്കം അറുപതോളം ഉദ്യോഗസ്ഥർ ആനയെ നിരീക്ഷിക്കുന്നുണ്ട്. പുതിയ ആവാസ വ്യവസ്ഥയുമായി ആന പൊരുത്തപ്പെട്ടെന്ന് ബോധ്യമായാൽ ഉദ്യോഗസ്ഥർ കാടിറങ്ങും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe