തിരുവനന്തപുര: കനത്ത തോൽവിക്ക് പിന്നാലെ സിപിഐഎം നേതൃത്വത്തിന് എതിരെ പാർട്ടി കമ്മിറ്റികളിൽ രൂക്ഷ വിമർശനം. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തികഞ്ഞ പരാജയമെന്നാണ് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിൽ ഉയർന്ന വിമർശനം. തെരഞ്ഞെടുപ്പിന് നേതൃത്വം കൊടുക്കുന്നതിൽ സംസ്ഥാന സെക്രട്ടറി പരാജയപ്പെട്ടെന്നും വിമർശനമുണ്ട്. ഭാര്യ മത്സരിച്ചതോടെ കണ്ണൂരിൽ ശ്രദ്ധ കേന്ദ്രീകരിച്ചെന്നാണ് വിമർശനം. തിരുവനന്തപുരത്തെ ജില്ലാ നേതൃത്വത്തിനെതിരെയും വിമർശനമുയർന്നു. ജില്ലാ സെക്രട്ടറിയാകാൻ കഴിവുള്ള നേതാക്കൾ ഇല്ലെന്ന എം വി ഗോവിന്ദന്റെ പരാമർശത്തിലാണ് വിമർശനം ഉയർന്നത്. എം വി ഗോവിന്ദൻ എന്നാണ് പാർട്ടി പ്രവർത്തനം തുടങ്ങിയത് എന്ന് തനിക്കറിയാമെന്നായിരുന്നു ഒരു പ്രതിനിധിയുടെ മറുപടി. തങ്ങൾ യോഗ്യരല്ല എന്ന് എം വി ഗോവിന്ദൻ എങ്ങനെ പറയുമെന്നും വിമർശനം ഉയർന്നു.
യോഗത്തിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെ വിമർശിച്ച് വി ശിവൻകുട്ടി രംഗത്തെത്തി. മുൻ മേയർ എന്ന നിലയിലുള്ള പ്രവർത്തനം അവമതിപ്പ് ഉണ്ടാക്കിയെന്നും തെരഞ്ഞെടുപ്പ് സമയത്ത് ആര്യാ രാജേന്ദ്രനെ കാറിൽ കയറ്റിയപ്പോൾ സ്ത്രീകൾ അടക്കം എതിർത്തെന്നും ശിവൻകുട്ടി പറഞ്ഞു. കാറി തുപ്പുന്നത് പോലെ ആയിരുന്നു സ്ത്രീകളുടെ പ്രതികരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1400 വോട്ട് ലീഡ് പ്രതീക്ഷിച്ച ബൂത്തിൽ അഞ്ച് വോട്ടിന്റെ ലീഡ് മാത്രമാണ് ലഭിച്ചതെന്നും വി ശിവൻകുട്ടി പറഞ്ഞു.
സിപിഐഎം ഇടുക്കി ജില്ലാ കമ്മിറ്റിയിലും സംസ്ഥാന നേതൃത്വത്തിന് എതിരെ രൂക്ഷ വിമർശനം ഉയർന്നു. ഉടുമ്പൻചോലയിൽ എം എം മണിയെ സ്ഥാനാർത്ഥിയാക്കാത്തത് സംസ്ഥാന നേതൃത്വം ഇടപെട്ടാണെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്തെ മത്സരിപ്പിക്കാൻ എം എം മണിയെ മാറ്റിയത് തിരിച്ചടിയായെന്നും ജില്ലാ കമ്മിറ്റിയിൽ ചൂണ്ടിക്കാട്ടി. മറ്റുള്ളവർക്ക് രണ്ട് ടേം വ്യവസ്ഥയിൽ ഇളവ് നൽകിയപ്പോഴും എംഎം മണിയെ തഴഞ്ഞു. ഇത് ആളുകൾക്കിടയിൽ ആശയക്കുഴപ്പത്തിന് കാരണമായെന്നും ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശനമുയർന്നു.
ഉടുമ്പൻചോലയിലെ തോൽവിക്ക് എസ്ഐആറും കാരണമായെന്നാണ് ജില്ലാ കമ്മിറ്റി യോഗത്തിലെ വിലയിരുത്തൽ. പീരുമേട്ടിലെ സിപിഐ തോൽവിയാണെന്നും സിപിഐഎം ഘടകം ഉണർന്നു പ്രവർത്തിച്ചെന്നും ജില്ലാ കമ്മിറ്റി യോഗത്തിൽ ചൂണ്ടിക്കാട്ടി. സിപിഐയും എൽഡിഎഫ് പോഷക ഘടകങ്ങളും ഉണർന്നു പ്രവർത്തിച്ചില്ല. എതിർ സ്ഥാനാർത്ഥിയുടെ കുറവുകളും കഴിവുകളും ജനങ്ങളിലുള്ള സ്വാധീനവും വിലയിരുത്തുവാൻ എൽഡിഎഫിനായില്ല.
ഇത് തോൽവിയുടെ ആക്കം കൂട്ടി. ദേവികുളത്തെ എ രാജയുടെ തോൽവി അപ്രതീക്ഷിതമാണെന്നും പാർട്ടി വോട്ട് ചോർച്ച ഉണ്ടായോ എന്ന് കീഴ്ഘടകങ്ങൾ പരിശോധിക്കണമെന്നുമാണ് ജില്ലാ കമ്മിറ്റി യോഗത്തിൽ ഉയർന്ന നിർദേശം. ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗത്തിലും കടുത്ത വിമർശനമാണ് ഉയർന്നത്. നേതാക്കളുടെ ധാർഷ്ട്യത്തിന് കിട്ടിയ തിരിച്ചടിയാണെന്നാണ് വിമർശനം. സാധാരണക്കാരെ കണ്ടാൽ ചിരിക്കാൻ മറന്നവരായി സംസ്ഥാന നേതാക്കൾ മാറിയെന്നും പിണറായി വിജയന്റെ ചെറ്റ പരാമർശം ജനങ്ങളെ എതിരാക്കിയെന്നും ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗത്തിൽ വിമർശിച്ചു.
വികസന നായകൻ എന്ന ജി സുധാകരന്റെ പ്രതിച്ഛായയെ മറികടക്കാനായില്ലെന്നും ഉൾപ്പാർട്ടി ജനാധിപത്യവും ചർച്ചയും പാർട്ടിയിൽ കുറയുന്നുവെന്നും വിമർശനമുണ്ടായി. തീരുമാനങ്ങൾ ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്നതായും വിമർശനമുണ്ട്. ജില്ലാ കമ്മിറ്റിയിൽ മുൻ എംഎൽഎ യു പ്രതിഭയ്ക്കെതിരെയും അതിരൂക്ഷവിമർശനം ഉയർന്നു.
‘പ്രതിഭയ്ക്ക് പറയാനുള്ളത് പാർട്ടിക്കുള്ളിൽ പറയണം. പ്രചരണം സജീവമായില്ലെന്ന പരസ്യപ്രചരണം കടുത്ത അച്ചടക്ക ലംഘനമാണ്. ജില്ലാ കമ്മിറ്റി അംഗത്തിന്റെ പക്വത കാണിക്കണം. കായംകുളത്തെ പരാജയത്തിൽ പ്രതിഭയ്ക്കും പങ്കുണ്ട്. കായംകുളത്ത് പാർട്ടിയും യു പ്രതിഭയും രണ്ടു തട്ടിലാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയ സഖാക്കളെ തോറ്റ ശേഷം അപമാനിച്ചു. പണിയെടുത്തില്ലെന്ന് പറയുന്നത് എന്തടിസ്ഥാനത്തിൽ? യു പ്രതിഭക്കെതിരായ വലിയ വികാരം കായംകുളത്തുണ്ടായിരുന്നു. പ്രതിഭയുടെ പല പരാമർശങ്ങളും ജനങ്ങളെ എതിരാക്കി. പാർട്ടിക്കുള്ളിൽ പറയേണ്ടത് മാധ്യമങ്ങളോടല്ല പറയേണ്ടിയിരുന്നത്’, സിപിഐഎം ജില്ലാ കമ്മറ്റിയിൽ വിമർശനം ഉയർന്നു.
അതേസമയം സിപിഐഎമ്മിൽ നേതൃമാറ്റത്തിന്റെ ആവശ്യം ഇപ്പോൾ ഇല്ലെന്നാണ് ടി പി രാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞത്. എഴുപതുകളിൽ 17 സീറ്റിലേക്ക് തകർന്നു പോയ സിപിഐഎം ശക്തമായി തിരിച്ചു വന്നിരുന്നു. തോൽവി സംബന്ധിച്ച പരിശോധന പൂർത്തിയായ ശേഷം നിലപാട് അറിയിക്കും. ജില്ലാ കമ്മറ്റികളിലെ ചർച്ചകൾ സംബന്ധിച്ച മാധ്യമ വാർത്തകൾ യാഥാർത്ഥ്യമല്ലെന്നും പിശക് പറ്റിയുണ്ടെങ്കിൽ തിരുത്തുമെന്നും ജനങ്ങളുടെ അഭിപ്രായവും വിമർശനവും പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
