നന്തി: കഴിഞ്ഞ ഒരു വർഷത്തിലധികമായി സർക്കാറുകൾക്കും എൻ എച്ച് എ ഐ ക്കും ജനപ്രതിനിധികൾക്കും അദാനിക്കും നൽകിയ നിവേദനങ്ങളിൽ മറുപടി നൽകാതെ നിഷേധ സമീപനം സ്വീകരിക്കുന്നതിനെതിരെ സമരങ്ങളുമായി പ്രക്ഷോഭത്തി നിറങ്ങുകയാണ് നന്തി ബസാറിലെ ജനങ്ങൾ. എൻ എച്ച് – 66 അഴിയൂർ – വെങ്ങളം സ്ട്രെച്ചിലെ നന്തി ബസാറിലെ പുതിയതായി നിർമ്മിച്ച ഹെവി വെഹിക്കിൾ അണ്ടർ പാസ്സിൽ നിന്ന് ശ്രീശൈലം കുന്നുകൾ വരെയുള്ള 300 മീറ്റർ നീളം എംബാങ്ക്മെൻ്റിന് പകരം ഈടും സുരക്ഷിതത്വവും സ്ഥിരതയും ഉറപ്പ് നൽകുന്ന സ്പാൻ ഉപയോഗിച്ച് എലിവേറ്റഡ് ഹൈവെ നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
10 മീറ്റർ ഉയരവും 300 മീറ്റർ നീളവും 30 മീറ്റർ വീതിയും ഉള്ള എമ്പാങ്ക് മെൻ്റിന് 90,000 ക്യുബിക് മീറ്റർ (ഏകദേശം ഒരു ലക്ഷത്തി നാൽപ്പത്തി നാലായിരം ടൺ) മണ്ണ് ആവശ്യമാണ്. ഇതിനായി കാലാവസ്ഥ വ്യതിയാനങ്ങൾക്കും മണ്ണിടിച്ചിലുകൾക്കും കുടിവെള്ള ക്ഷാമത്തിനും ഇടയാക്കുന്ന വലിയ കുന്നുകൾ തന്നെ ഇടിച്ചു നിരത്തേണ്ടി വരും.
കനത്ത മഴ ലഭിക്കുന്ന പ്രദേശമായതിനാൽ മഴവെള്ളം എമ്പാങ്ക് മെൻ്റിന് അകത്ത് പ്രവേശിച്ച് (water infiltration) എമ്പാങ്ക്മെൻ്റ് തകരാനും നന്തി ടൗൺ വെള്ളത്തിൽ മുങ്ങാൻ സാധ്യതയുണ്ടെന്ന് കുരിയാട്, ചേലക്കര, ബിജ്നോർ , കലിംഗഗെറ്റ് , പുനർദാദ, ഷിരൂർ എന്നീ അപകടങ്ങൾ ചൂണ്ടി കാട്ടി നാട്ടുകാർ ആരോപിക്കുന്നു. 1838 കോടി രൂപയ്ക്ക് സ്ട്രെച്ച് കരാറെടുത്ത അദാനി എന്റർപ്രൈസസ് വെറും 971 കോടി രൂപയ്ക്കാണ് വഗാർഡ് ഇൻഫ്രക്ച്ചർ കമ്പനിക്ക് ഉപകരാർ നൽകിയത്. 867 കോടി രൂപയാണ് ഈ പ്രൊജക്ടിൽ അദാനിക്ക് നോക്കു കൂലിയായി ലഭിച്ചിരിക്കുന്നത്.
നന്തിയിൽ എമ്പാങ്ക്മെൻ്റ് ഒഴിവാക്കി എലിവേറ്റഡ് ഹൈവെ പണിയാനുള്ള അധിക പണം ഈ നോക്കുകൂലിയിൽ നിന്ന് ചിലവഴിക്കാൻ കേന്ദ്ര സർക്കാർ അദാനിയോട് ആവശ്യപ്പെടണം. അതിന് കഴിയുന്നില്ലെങ്കിൽ കേന്ദ്ര സർക്കാർ ഫണ്ട് അനുവദിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. ഹൈവെ നിർമ്മാണത്തിൻ്റെ മുഴുവൻ ചിലവുകളും ലാഭവും ജനങ്ങളിൽ നിന്ന് ടോൾ വാങ്ങി തിരിച്ചു പിടിക്കുന്നതിനാൽ നാടിൻ്റെ പുരോഗതിക്ക് ഉതകുന്ന താരത്തിലാകണം ഹൈവേകൾ നിർമ്മിക്കണ്ടത്.
നാടിന് നാശമാകുന്ന 300 മീറ്റർ എമ്പാങ്ക്മെൻ്റ് ഒഴിവാക്കി എലിവേറ്റഡ് ഹൈവെ നിർമ്മിക്കാൻ എൻ എച്ച് എ ഐ തയ്യാറാകുന്നില്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനാണ് നാട്ടുകാരുടെ തീരുമാനം. സമരത്തിൻ്റെ സൂചനയായി സപ്തംബർ 16 ചൊവ്വാഴ്ച 24 മണിക്കൂർ ഉപവാസവും സപ്തംബർ 19 ന് വൈകിട്ട് നന്തിയിലുള്ള വഗാഡ് ഓഫീസിലേക്ക് മാർച്ചും പൊതുയോഗവും നടത്തും. അനുകൂല സമീപനം സ്വീകരിക്കാതിരുന്നാൽ പിക്കറ്റിങ്ങുകളും മരണം വരെയുള്ള നിരാഹാര സമരവും നാട്ടുകാർ പ്ലാൻ ചെയ്യുന്നു.
പത്ര സമ്മേളനത്തിൽ ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ കുഞ്ഞമ്മത് കൂരളി, സിഹാസ് ബാബു, കുഞ്ഞികൃഷ്ണൻ , കെ നൂറുന്നിസ , എം കെ സത്യൻ മാസ്റ്റർ , ടി കെ നാസർ , മജീദ് പന്തി വയൽ, പി എൻ കെ അഹമ്മദ്, പി കെ സുരേഷ്, രമേശൻ, എം കെ പ്രസാദ് എന്നിവർ പങ്കെടുത്തു.