കേരളത്തിൽ ഭരണമില്ലാത്ത അവസ്ഥ : എം. എൻ കാരശ്ശേരി

news image
Dec 18, 2023, 5:04 pm GMT+0000 payyolionline.in

 

കൊയിലാണ്ടി: മുഖ്യമന്ത്രിയും മന്ത്രിസഭയും അവരുടെ ചുമതല നിർവ്വഹിക്കാതെ വരുമ്പോൾ എന്തിനുമെതിനും ജനങ്ങൾക്ക് ഹൈകോടതിയെ സമീപിയ്ക്കേണ്ടിവരുന്ന അവസ്ഥയാണെന്ന് എം എൻ കാരശ്ശേരി മാഷ് അഭിപ്രായപ്പെട്ടു. ജനുവരിയിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ റവല്യൂഷണറി യൂത്ത് ഫ്രണ്ട് (ആർ വൈ എഫ്) നടത്തുന്ന കേരള സൈക്കിൾ റൈഡിന്റെ ലോഗോ പ്രകാശനം കൊയിലാണ്ടിയിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികളുടെ ഉച്ചഭക്ഷണത്തിന്റെ തുകയ്ക്ക് വേണ്ടി അദ്ധ്യാപകർക്കും ശബളവും പെൻഷനും ലഭിയ്ക്കാൻ തൊഴിലാളികൾക്കും ഹൈകോടതിയിൽ കയറി ഇറങ്ങേണ്ടുന്ന അവസ്ഥയാണ്. കോടതിയാണോ നമ്മളേ ഭരിയ്ക്കുന്നതെന്ന് തോന്നിപോകുന്ന
ജനാധിപത്യ ഭരണമില്ലാത്ത അവസ്ഥയാണ് കേരളത്തിൽ. ധൂർത്തിന്റെ നവകേരള സദസ്സിൽ ‘ജീവൻ രക്ഷാപ്രവർത്തനം’ മാത്രമാണ് ആകെ നടക്കുന്നത്.

 


ആർഭാട ബസ്സിൽ നിന്ന് പടിയിറങ്ങാനും പത്ത് ചുവട് നടക്കാനും കഴിയാതെ മതിൽ പൊളിയ്ക്കുന്ന മുഖ്യമന്ത്രിയ്ക്ക് എങ്ങനെയാണ് മന്ത്രിസഭയെ ജനങ്ങൾക്കിടയിലേക്ക് എത്തിയ്ക്കാൻ സാധിയ്ക്കുക. പട്ടിണി ജാഥ നടത്തിയ പാർട്ടിയുടെ നേതാവാണ് ആർഭാടവും അധികാര ഭോഗങ്ങളുമായി പൗര പ്രമുഖരെ നിശ്ചയിച്ച് പ്രഭാത ഭോജനം നടത്തുന്നത്. പിണറായി സർക്കാരിന്റെ സ്വജന പക്ഷപാതം, ധൂർത്ത് , കാര്യശേഷിയില്ലായ്മ്മയുൾപ്പെടെ ഉള്ളവയെ ക്രീയാത്മകമായി പ്രതിരോധിയ്ക്കുന്നതിൽ പ്രതിപക്ഷവും പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
ആർ വൈ എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ ,സെക്രട്ടറി വിഷ്ണു മോഹൻ , എൻ കെ ഉണ്ണികൃഷ്ണൻ , റംഷീദ് വെണ്ണിയൂർ, വിൽസൺ ജോൺ , നന്ദു കൃഷ്ണൻ, ത്യദീപ് കുമാർ , അക്ഷയ് പൂക്കാട് , റഷീദ് പുളിയഞ്ചേരി, നിയാസ് തിരുവമ്പാടി എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe