ക്ഷേമപെൻഷൻ ഇൻസെന്റീവ് വെട്ടിക്കുറച്ചു; 50 രൂപക്ക് പകരം ഇനി ലഭിക്കുക 30

news image
Jan 5, 2023, 12:30 pm GMT+0000 payyolionline.in

തിരുവനന്തപുരം: ക്ഷേമ പെൻഷൻ വീട്ടിൽ എത്തിക്കുന്നതിന് നൽകിയിരുന്ന ഇൻസെന്റിവ് വെട്ടിക്കുറച്ചു. സഹകരണ സംഘങ്ങൾക്ക് 50 രൂപ നൽകിയിരുന്നതാണ് 30 രൂപയാക്കി വെട്ടിക്കുറച്ചത്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് ധനവകുപ്പിന്റെ തീരുമാനം.

ഒന്നാംപിണറായി സർക്കാരിന്റെ കാലത്താണ് ശാരീരികമായ അവശത അനുഭവിക്കുന്നവരുടെ ക്ഷേമ പെൻഷനുകൾ വീട്ടിലെത്തിക്കുന്ന നടപടി തുടങ്ങിയത്. സഹകരണ സംഘങ്ങൾ വഴിയായിരുന്നു ഈ തുക വിതരണം ചെയ്യാൻ തീരുമാനിച്ചത്. അന്ന് മൂന്നുമാസം തോറുമായിരുന്നു പെൻഷൻ വീട്ടിലെത്തിച്ചിരുന്നത്. അതിനാണ് 50 രൂപ അനുവദിച്ചിരുന്നത്. ഇതിൽ 40 രൂപ ക്ഷേമപെൻഷൻ ഗുണഭോക്താവിന് കൈമാറുന്ന ഏജന്റിനും 10 രൂപ സഹകരണ സംഘത്തിന്റെ അക്കൗണ്ടിലേക്കുമായിരുന്നു ലഭിച്ചിരുന്നത്. പുതിയ തീരുമാനപ്രകാരം ഏജന്റിന് 25 രൂപയും സഹകരണ സംഘത്തിനും അഞ്ചു രൂപയും ലഭിക്കും.

ഉത്തരവിന് 2021 നവംബർ 21 മുതൽ മുൻകാല പ്രാബല്യവുമുണ്ട്. 2021 നവംബർ മുതൽ ഇൻസെന്റീവ് കുടിശ്ശികയായിരുന്നു. കുടിശ്ശിക തുക നൽകണമെന്നാവശ്യപ്പെട്ട് ഏജന്റുമാരും സഹകരണ സംഘങ്ങളും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe