ജയിലറെ മർദ്ദിച്ച സംഭവം; ആകാശ് തില്ലങ്കേരിയെ ജയിൽ മാറ്റി

news image
Jun 26, 2023, 5:50 am GMT+0000 payyolionline.in

തൃശൂർ: യൂത്ത് കോൺ​ഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ വെട്ടിക്കൊന്ന കേസിലെ പ്രതി‌ ആകാശ് തില്ലങ്കേരിയെ മറ്റൊരു ജയിലിലേക്ക് മാറ്റി. വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നാണ് ആകാശ് തില്ലങ്കേരിയെ മാറ്റിയത്. അതീവ സുരക്ഷാ ജയിലിലെ പ്രത്യേക സെല്ലിലേയ്ക്കാണ് മാറ്റിയത്. അസി. ജയിലറെ തല്ലിയതിന് പിന്നാലെയാണ് ജയിൽ മാറ്റം. ഫോണുപയോഗിച്ചെന്ന സംശയത്തെ തുടർന്ന് ചോദ്യം ചെയ്തിരുന്നു. സെല്ലിന്റെ ഒരു ഭാഗം തുണി മറച്ചത് എന്തിനാണെന്ന് ചോദിച്ചപ്പോഴായിരുന്നു മർദ്ദനം. സംഭവത്തിൽ ആകാശിനെതിരെ വിയ്യൂർ പൊലീസ് ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.

വിയ്യൂർ സെൻട്രൽ ജയിലിൽ ഇന്നലെ ഉച്ചതിരിഞ്ഞാണ് സംഭവം. അസി. ജയിലർ രാഹുലിനാണ് മർദ്ദനമേറ്റത്. മർദ്ദനത്തെ തുടർന്ന് രാഹുൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ആകാശ് തില്ലങ്കരിക്കെതിരെ വിയ്യൂർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. മൊഴി രേഖപ്പെടുത്തി കേസെടുക്കുമെന്ന് വിയ്യൂർ പൊലീസ് അറിയിച്ചിരുന്നു. കാപ്പ തടവുകാരനാണ് ശുഹൈബ് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരി.

 

2018 ഫെബ്രുവരി 12നാണ് രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയായുണ്ടായ ആക്രമണത്തിൽ ഷുഹൈബ് കൊല്ലപ്പെട്ടത്. അർദ്ധരാത്രി കണ്ണൂർ തെരൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഷുഹൈബിനെ അക്രമിസംഘം വെട്ടിക്കൊന്നത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു ആക്രമണം. ഷുഹൈബിനെയും കൂടെയുള്ളവരെയും ആശുപത്രിയിലെത്തിക്കുന്നതും അക്രമികൾ വൈകിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിക്കുന്നതിന് മുൻപ് രക്തം വാർന്നായിരുന്നു ഷുഹൈബിന്‍റെ മരണം. കേസിൽ പ്രതികളായ ആകാശ് തില്ലങ്കേരിയെയും ദീപ് ചന്ദിനെയും പിന്നീട് സിപിഎമ്മിൽ നിന്നും പുറത്താക്കിയിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe