റീചാർജ് കാലാവധി അവസാനിച്ചാൽ ഇൻകമിങ് കോളുകൾ നിലച്ചേക്കാമെന്ന മുന്നറിയിപ്പുമായി റിലയൻസ് ജിയോ. നിശ്ചിത സമയത്തിനുള്ളിൽ റീചാർജ് ചെയ്തില്ലെങ്കിൽ സേവനം തടസ്സപ്പെടുമെന്നാണ് സന്ദേശം. ഇത് ഉപയോക്താക്കൾക്കിടയിൽ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്.
റീചാർജ് പ്ലാനിന്റെ കാലാവധി അവസാനിച്ചാൽ ഇൻകമിങ് കോളുകളും എപ്പോൾ വേണമെങ്കിലും നിലച്ചേക്കാമെന്ന മുന്നറിയിപ്പുമായി റിലയൻസ് ജിയോ. നിശ്ചിത സമയത്തിനുള്ളിൽ റീചാർജ് പുതുക്കിയില്ലെങ്കിൽ ഇൻകമിങ് കോളുകൾ ലഭിക്കുന്നത് തടസ്സപ്പെടുമെന്നാണ് ചില ഉപയോക്താക്കൾക്ക് ലഭിച്ച സന്ദേശത്തിലുള്ളത്. ഇതോടെ ജിയോ വരിക്കാർക്കിടയിൽ ആശങ്കയും ചർച്ചകളും ശക്തമായി.
ഇൻകമിങ് കോളുകൾ എപ്പോൾ വേണമെങ്കിലും നിലച്ചേക്കാം
ജിയോയുടെ പേരിൽ ലഭിച്ചെന്ന് പറയപ്പെടുന്ന മുന്നറിയിപ്പ് സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ നിരവധി ഉപയോക്താക്കൾ സമൂഹമാധ്യമങ്ങളിലും ഓൺലൈൻ ഫോറങ്ങളിലും പങ്കുവെച്ചിട്ടുണ്ട്. എക്സ് ഉപയോക്താവായ അഭിഷേക് യാദവ് പങ്കുവെച്ച സന്ദേശത്തിന്റെ സ്ക്രീൻഷോട്ടാണ് ഇപ്പോൾ ചർച്ചയാകുന്നത്.
‘നിങ്ങളുടെ ജിയോ റീചാർജ് പ്ലാനിന്റെ കാലാവധി അവസാനിച്ചു. ഇൻകമിങ് കോളുകൾ എപ്പോൾ വേണമെങ്കിലും നിലച്ചേക്കാം. ബന്ധം നിലനിർത്താൻ ഉടൻ റീചാർജ് ചെയ്യുക’ എന്നാണ് സന്ദേശത്തിലുള്ളത്. എന്നാൽ, റീചാർജ് കാലാവധി അവസാനിച്ചാൽ എത്ര സമയത്തിനുള്ളിൽ ഇൻകമിങ് കോളുകൾ തടയുമെന്ന കാര്യത്തിൽ സന്ദേശത്തിൽ വ്യക്തതയില്ല. ഇൻകമിങ് കോളുകൾ മാത്രമാണോ അതോ സന്ദേശങ്ങൾ ലഭിക്കുന്നതിനും നിയന്ത്രണമുണ്ടാകുമോ എന്ന കാര്യത്തിലും ഉപയോക്താക്കൾക്ക് ആശങ്കയുണ്ട്.
