പയ്യോളി: തിക്കോടിയിലൂടെ കടന്നുപോകുന്ന ആറുവരി പാതയിൽ വെള്ളം കെട്ടി നിൽക്കുന്നത് അപകട സാധ്യത ഉയർത്തുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പെയ്ത മഴയിൽ രൂപപ്പെടുന്ന വെള്ളക്കെട്ടാണ് അപകടത്തിന് സാധ്യത ആകുന്നത്. തിക്കോടി എഫ് സി ഐ ഗോഡൗണിന് സമീപത്തുള്ള ആറുവരി പാതയിലാണ് മുട്ടോളം വെള്ളക്കെട്ട് രൂപപ്പെടുന്നത്.

ഇന്നലെ തിക്കോടി ആറുവരി പാതയിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലൂടെ കടന്ന് പോകുന്ന വാഹനങ്ങൾ
ജൂൺ മാസം മുതൽ ഈ ഒരു പ്രശ്നം ഇവിടെ ഉണ്ടെങ്കിലും നടുവിലുള്ള കോൺക്രീറ്റ് ബാരിക്കേഡിൽ വിടവുകളുണ്ടാക്കി വെള്ളം ഒഴുക്കി വിടുകയാണ് ചെയ്തത്. എന്നാൽ മഴ കഴിഞ്ഞതോടെ ഇവിടെ വിടവുകൾ അടഞ്ഞു പോയതാണ് വീണ്ടും ഈ പ്രശ്നത്തിന് കാരണം.
അപ്രതീക്ഷിതമായി പെയ്യുന്ന മഴയിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ട ശേഷമാണ് കരാർ കമ്പനി പോലും വിവരമറിയുന്നത്. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങളിലെ യാത്രക്കാരാണ് ഇതുമൂലം ഏറെ പ്രയാസപ്പെടുന്നത്. വെള്ളക്കെട്ട് ഒഴിവാക്കാൻ പലപ്പോഴും എതിശയിൽ നിന്ന് വരുന്ന വാഹനത്തെ തൊട്ടുരുമ്മിയാണ് ചെറു വാഹനങ്ങൾ കടന്നു പോകേണ്ടത്. നിർമ്മാണത്തിൽ വന്ന അപാകതയാണ് ഈ വെള്ളക്കെട്ടിന് കാരണമായി പറയുന്നത്. താൽക്കാലിക സംവിധാനങ്ങൾ ഒഴിവാക്കി വെള്ളക്കെട്ട് ശാശ്വതമായി പരിഹരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.