‘നന്ദിനി’ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു; വയനാട്ടിൽ ക്ഷീരകർഷകർ റോഡിലിറങ്ങി

news image
Jun 26, 2023, 7:41 am GMT+0000 payyolionline.in

കൽപ്പറ്റ: കർണാടകയിൽ നിന്നുള്ള ‘നന്ദിനി’ പാൽ അവരുടെ വിതരണ ശൃംഖല കേരളത്തിൽ വ്യാപിപ്പിക്കാനൊരുങ്ങവെ പ്രതിഷേധവുമായി ക്ഷീരകർഷകർ രംഗത്തിറങ്ങി. നന്ദിനിയുടെ വരവ് നിലവിലെ പാൽ സംഭരണ-വിതരണ സംവിധാനത്തെ ബാധിക്കുമെന്നാണ് കർഷർ പറയുന്നത്. കൽപറ്റയിൽ പശുക്കളുമായി റോഡിലിറങ്ങിയാണ് കർഷകർ പ്രതിഷേധ മാർച്ച് നടത്തിയത്.

മിൽമയ്ക്ക് പാൽകൊടുത്തും ആനുകൂല്യം നേടിയും വളർന്നതാണ് നാട്ടിലെ ക്ഷീര സഹകരണ സംഘങ്ങളെന്നും അവിടേക്ക് നന്ദിനിയുടെ പാലും, മൂല്യ വർധിത ഉൽപന്നങ്ങളും വരുമ്പോൾ ആശങ്കയുണ്ടെന്നും പ്രതിഷേധക്കാർ പറഞ്ഞു.

നന്ദിനിയുടെ വരവ് സഹകരണ തത്വങ്ങളുടെ ലംഘനമാണെന്ന് മിൽമ ചെയർമാൻ കെ.എസ് മണി പറഞ്ഞു. അതാത് സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന പാൽ അവിടെ തന്നെയാണ് വിൽക്കേണ്ടത്. ഇക്കാര്യം ദേശീയ ക്ഷീര വികസന ബോർഡിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. പ്രശ്നം പരിഹരിക്കാമെന്ന് ബോർഡ് ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കർണാടക കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് ഫെഡറേഷന്റെ (കെ.എം.എഫ്) ഇൗ ബ്രാൻഡ് കേരളത്തിൽ ആറ് ഔട്‌ലറ്റുകൾ തുടങ്ങിയിട്ടുണ്ട്. മൂന്ന് ഔട്‌ലെറ്റുകൾ കൂടി ഉടൻ ആരംഭിക്കും. കാക്കനാട്, എളമക്കര, പന്തളം, മഞ്ചേരി, തിരൂർ, തൊടുപുഴ എന്നിവിടങ്ങളിലാണ് ഔട്‌ലെറ്റുകൾ പ്രവർത്തിക്കുന്നത്.

കോഴിക്കോട്, തലശ്ശേരി, ഗുരുവായൂർ എന്നിവിടങ്ങളിലാണ് ഇനി തുടങ്ങുക. കുറഞ്ഞ വിലയിലാണു നന്ദിനി പാൽ ലഭ്യമാക്കിയിരുന്നതെങ്കിലും സംസ്ഥാന സർക്കാർ പ്രതിഷേധം അറിയിച്ചതോടെ വില കൂട്ടി. കേരളത്തിൽ മിൽമ നൽകുന്ന വിലയേക്കാൾ കുറഞ്ഞ നിരക്കിൽ നന്ദിനി പാൽ നൽകുമെന്നതിനാൽ മിൽമയുടെ തകർച്ചക്കായിരിക്കും വഴിവെക്കുക എന്നതാണ് ആക്ഷേപം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe