നരേന്ദ്രമോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണം: റസാഖ് പാലേരി

news image
Apr 23, 2024, 11:45 am GMT+0000 payyolionline.in

തിക്കോടി : രാജസ്ഥാനിലെ ബാൻസ്വാരയിലെ തെരഞ്ഞെടുപ്പു റാലിയിൽ മതവിദ്വോഷപ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണമെന്നും , ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാനപ്രസിഡണ്ട് റസാഖ് പാലേരി ആവശ്യപ്പെട്ടു . രാജ്യത്തെ സ്വത്തിന്റെ പ്രഥമ അവകാശികൾ മുസ്‌ലീംങ്ങളാണെന്ന മുൻപ്രധാനമന്ത്രി മൻമോഹൻ സിംഗ് പറഞ്ഞെന്ന പച്ചക്കള്ളമാണ് മോദി ഇപ്പോൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത് .


പൊതുതെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിടാൻ പോകുന്നതിന്റെ വെപ്രാളത്തിലാണ് ബി.ജെ.പി. യും നരേന്ദ്രമോദിയും ഇതുപോലുള്ള വിദ്വേഷ പ്രചാരണങ്ങൾ അഴിച്ചുവിടുന്നത്. രാജ്യത്തെ ഇരുപത് കോടിയിൽപരം വരുന്ന മുസ്‌ലിം ന്യൂനപക്ഷത്തെയാണ് പ്രധാനമന്ത്രി ഇതിലൂടെ കടന്നാക്രമിച്ചിരിക്കുന്നത്. ഇത്തരം വംശീയഭ്രാന്തിനെ ഭരണ സിരാകേന്ദ്രങ്ങളിൽ നിന്ന് നീക്കം ചെയ്യാനും നിലക്ക് നിർത്താനും വേണ്ടി സമ്മതിദാനവകാശം വിനിയോഗിക്കാൻ മുഴുവൻ രാജ്യനിവാസികളും ഒരുമിച്ചു മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു .

വെൽഫെയർ പാർട്ടി തിക്കോടി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . നദീർ തിക്കോടി അധ്യക്ഷത വഹിച്ചു . മണ്ഡലം പ്രസിഡണ്ട് സി.ഹബീബ് മസ്ഊദ് , വി.കെ. ലത്തീഫ് , നിസാർ കീത്താന , കെ.കെ.നാസർ എന്നിവർ സംസാരിച്ചു. എം. സഹീർ സ്വാഗതവും അബൂബക്കർ കൗസർ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe