പയ്യോളി : പ്രായപൂർത്തിയാകാത്ത പതിനൊന്നുകാരനെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ പൂജാരിക്ക് അഞ്ച് വർഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മന്തരത്തൂർ സ്വദേശി രാമദാസനെ (51) യാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ദേവൻ കെ. മേനോൻ ശിക്ഷിച്ചത്.
2024 ഒക്ടോബർ 20-നായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിയുടെ വീട്ടിൽ പൂജ ചെയ്യാനെത്തിയ പ്രതി, ചടങ്ങുകൾ പൂർത്തിയാക്കാനെന്ന വ്യാജേന കുട്ടിയെ വീടിന് പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കുകയായിരുന്നു. പിന്നീട് നടന്ന കൗൺസിലിംഗിനിടെയാണ് കുട്ടി വിവരങ്ങൾ വെളിപ്പെടുത്തിയത്. തുടർന്ന് കൗൺസിലിംഗ് കേന്ദ്രത്തിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വടകര പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
വടകര പോലീസ് സബ് ഇൻസ്പെക്ടർമാരായ പവനൻ എം. സി., രഞ്ജിത്ത് എം. കെ., ശ്രീജ എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 11 സാക്ഷികളെ വിസ്തരിക്കുകയും 15 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി. പിഴത്തുക പരാതിക്കാരന് നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
