പയ്യോളി : ദേശീയപാത ആറുവരിയാക്കൽ പ്രവർത്തിയുടെ ഭാഗമായി നിർമ്മിക്കുന്ന പയ്യോളി ടൗണിലെ മേൽപ്പാലത്തിന്റെ നിർമ്മാണം നിലച്ചിട്ട് ആഴ്ചകൾ പിന്നിട്ടു. നിർമ്മാണം ആരംഭിച്ചപ്പോൾ മുതൽ അടച്ചിട്ട പയ്യോളി ജംഗ്ഷൻ വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ആയി തുറന്നുകൊടുക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. സുരക്ഷയുടെ പേര് പറഞ്ഞാണ് ജംഗ്ഷനിലൂടെയുള്ള സഞ്ചാരം പൂർണമായും തടസ്സപ്പെടുത്തിയത്. എന്നാൽ നിർമ്മാണം തന്നെ നിലച്ച സാഹചര്യത്തിൽ ഇക്കാര്യത്തിൽ ജില്ലാ ഭരണകൂടം ഇടപെട്ട് ഗതാഗതത്തിനുള്ള സൗകര്യം ചെയ്തു കൊടുക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.

പയ്യോളി ടൗണിൽ സ്ഥാപിച്ചിരിക്കുന്ന മേൽപ്പാലത്തിന്റെ താഴെ അടച്ച നിലയിൽ
പയ്യോളി ബീച്ച് റോഡിൽ നിന്നും പേരാമ്പ്ര റോഡിൽ നിന്നും വരുന്ന വാഹനങ്ങൾ എതിർശയിൽ എത്തണമെങ്കിൽ ഏറെ ദൂരം സഞ്ചരിക്കേണ്ടിവരുന്നു. ടൗണിലെ ഗതാഗതകുരുക്കിന്റെ പ്രധാന കാരണവും ഇതുതന്നെയാണ്. കഴിഞ്ഞദിവസം നഗരസഭാ ചെയർമാൻ വി കെ അബ്ദുറഹിമാൻ ദേശീയപാത അതോറിറ്റി സൈറ്റ് എൻജിനീയറോട് ഇക്കാര്യം ആവശ്യപ്പെട്ടിരുന്നെങ്കിലും തടസ്സമായി വെച്ച കോൺക്രീറ്റ് ഭീമുകൾ കാൽനടയാത്രക്കാർക്കായി അല്പം നീക്കി സൗകര്യം ചെയ്തു കൊടുക്കുക മാത്രമാണ് ഉണ്ടായത്. വാഹനഗതാഗതം കൂടി കടത്തിവിട്ടാൽ മാത്രമേ ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം ഉണ്ടാകുകയുള്ളൂ. പയ്യോളി ടൗണിലെ ഗതാഗതക്കുരുക്ക് കാരണം യാത്രക്കാർ ദുരിതമനുഭവിക്കുകയാണ്.