പയ്യോളി: നഗരസഭയിലെ വിവിധ കെട്ടിടങ്ങളിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾക്ക് വേണ്ടി പയ്യോളി ലയൺസ് ക്ലബ്ബ് ഹാളിൽ വച്ച് സ്ക്രീനിങ് ക്യാമ്പ് നടത്തി. രാത്രികാല രക്തസാമ്പിൾ ശേഖരിച്ചു. പകർച്ചവ്യാധികളായ മന്ത്, മലമ്പനി ,മറ്റു ചർമ്മരോഗങ്ങൾ എന്നിവ നേരത്തെ കണ്ടെത്തി ഫലപ്രദമായി പ്രതിരോധിക്കുന്നതിന് വേണ്ടി നടത്തിയ ക്യാമ്പിൽ 80 പേർ പങ്കെടുത്തു . ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ കെ.ജയരാജ് നേതൃത്വം നൽകി. .
ജില്ലാ മെഡിക്കൽ ഓഫീസിലെ മൊബൈൽ ഇമിഗ്രന്റ് സ്ക്രീനിങ്ങ് ടീം മെഡിക്കൽ ഓഫീസർ ഡോ: ടി. കെ ജെഫ്രിക്ക് രോഗപരിശോധന നടത്തി. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ വി രജിഷ , പി.കെ സാദത്ത് , പി .കെ ഷാജി , പി. ബിജുള., ജി നീതു എന്നിവർ പങ്കെടുത്തു.
അതിഥി തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ആവശ്യമായ പരിശോധനകൾ നടത്താൻ വിമുഖത കാണിക്കുന്ന കെട്ടിട ഉടമകൾക്കും , സ്ഥാപന ഉടമകൾക്കും തൊഴിലാളികൾക്കുമെതിരെ കേരള പൊതുജനാരോഗ്യ നിയമം – 2023 പ്രകാരം കർശന നടപടികൾ സ്വീകരിക്കുന്നതാണെന്ന് ലോക്കൽ പബ്ലിക്ക് ഹെൽത്ത് ഓഫീസർ ഡോ: എസ്. സുനിത അറിയിച്ചു.