പടിഞ്ഞാറൻ പയ്യോളിയുടെ ദാഹജലം തടസ്സപ്പെടുത്തുന്നതിനെതിരെ പുൽകൊടിക്കൂട്ടത്തിന്റെ പ്രതിഷേധം ഇന്ന്: പ്രകടനം നാലരക്ക് ആരംഭിക്കും

news image
May 25, 2023, 10:35 am GMT+0000 payyolionline.in

പയ്യോളി: നഗരസഭയിലെ റെയിലിന് പടിഞ്ഞാറ് ഭാഗത്തെ 17 ഓളം ഡിവിഷനുകളിലെ ജനങ്ങൾക്ക് പ്രയോജനം ലഭിക്കുമായിരുന്ന 35 കോടിയുടെ കുടിവെള്ള പദ്ധതി തടസ്സെപ്പെടുത്താൻ ശ്രമിക്കുന്ന നടപടിക്കെതിരെ ഇന്ന് പയ്യോളിയിൽ പുൽക്കൊടിക്കൂട്ടം സാംസ്കാരിക വേദിയുടെ പ്രതിഷേധം ഉയരും.

കുടിവെള്ളപദ്ധതി നടപ്പിലാക്കുന്നതിന് പകരം കോടതിയിലും കേസിലും എത്തിച്ച വാട്ടർ അതോറിറ്റിയുടെ നടപടിക്കെതിരെ നിയമപോരാട്ടം തുടരുമെന്ന് പുൽക്കൊടിക്കൂട്ടം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കുടിവെള്ള വിഷയത്തിൽ നിയമങ്ങൾക്കും സാമാന്യരീതിക്കും നിരക്കുന്ന നിലപാടല്ല വാട്ടർ അതോറിറ്റിയുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്ന് വിധിയുണ്ടായത്.

സുധീർഘമായ പ്രക്രിയകൾ പൂർത്തീകരിച്ച് ടെണ്ടർ വ്യവസ്ഥകൾ രൂപപ്പെടുത്തുകയും ആ വ്യവസ്ഥകളെ മുഖവിലയ്ക്കെടുത്ത് കുറഞ്ഞ നിരക്ക് ക്വാട്ട് ചെയ്ത ആളുടെ ടെണ്ടർ അം​ഗീകരിക്കുകയും ചെയ്തതിന് ശേഷം എ​ഗ്രിമെന്റ് വെക്കാൻ ഒരുങ്ങുമ്പോഴാണ് പുതിയ വ്യവസ്ഥകൾ കൂട്ടിചേർക്കാൻ സൂപ്രണ്ടിങ് എഞ്ചിനീയർ ശ്രമിച്ചത് റൂൾസ് ഓഫ് ബിസിനസ്സിന്റെ ലംഘനമാണെന്ന് കോടതി വിധിയിൽ പറയുന്നതായി ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

എന്നാൽ ഹൈക്കോടതിയുടെ  ശക്തമായ വിധി വന്നിട്ടും കരാറുകാരനുമായി
എ​ഗ്രിമെന്റ് ഒപ്പ് വെച്ച് പയ്യോളി തീരദേശ കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ആരംഭിച്ച് ജനങ്ങളുടെ രൂക്ഷമായ ദാഹജലപ്രശ്നത്തിന് പരിഹാരം കാണുന്നതിന് പകരം അപ്പീലിന് പോയി ജനങ്ങളെ വീണ്ടും ദ്രോഹിക്കാനുള്ള നടപടിക്കെതിരെയാണ് പുൽക്കൊടിക്കൂട്ടം വീണ്ടും സമരരംഗത്ത് വരുന്നത്.
സമരത്തിൻ്റെ  ഒന്നാം ഘട്ടം എന്ന നിലയിൽ ഇന്നു വൈകുന്നേരം നാലര  മണിക്ക് ​ദാഹജലപോരാളികളുടെ പ്രകടനം നടക്കും.

 

പൊതുസമ്മേളനവും ബീച്ച് റോഡ് പരിസരത്ത് നടക്കും. പ്രശസ്ത കവി പി.കെ.​ഗോപി പരിപാടി ഉദ്ഘാടനം ചെയ്യും. അനുകൂലമായ നടപടി ഉണ്ടാകുന്നില്ലെങ്കിൽ ജൂൺ 18ന്  ദാഹജലത്തിനായി കാത്തിരിക്കുന്ന നൂറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് കോഴിക്കോട് വാട്ടർ അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയറുടെ ഓഫീസിനു മുന്നിൽ പുക്കൊടികൂട്ടം സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ കുത്തിയിരുപ്പ് സമരം നടത്തും.

പത്രസമ്മേളനത്തിൽ പുൽക്കൊടിക്കൂട്ടം സാംസ്കാരികവേദി ചെയർമാൻ എം.സമദ്,ജനറൽ കൺവീനർ പി.എം നിഷിത്, ട്രഷറർ ശ്രീകല ശ്രീനിവാസൻ, വർക്കിങ് കമ്മിറ്റി കൺവീനർ ചാലിൽ പവിത്രൻ, വനിതാ വിഭാ​ഗം സിക്രട്ടറി ​ഗീത പ്രകാശൻ എന്നിവർ പങ്കെടുത്തു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe