മാട്രിമോണിയൽ വെബ് സൈറ്റ് വഴി പരിചയപ്പെട്ട യുവതി ടെക്കി യുവാവിന്റെ 92 ലക്ഷം രൂപ തട്ടി

news image
Jul 9, 2023, 10:26 am GMT+0000 payyolionline.in

പുണെ: മഹാരാഷ്ട്രയിലെ പുണെയിൽ മാട്രിമോണിയൽ വെബ്സൈറ്റ് വഴി പരിചയപ്പെട്ട യുവതി ടെക്കി യുവാവിന്റെ 92 ലക്ഷം രൂപ തട്ടിയെടുത്തു. യുവതിയുടെ ഉപദേശ പ്രകാരമാണ് യുവാവ് 92 ലക്ഷം രൂപ നിക്ഷേപമായി നൽകിയത്.


സാധാരണ മാട്രിമോണിയൽ സൈറ്റുകൾ പങ്കാളികളെ തേടാനുള്ള മാധ്യമമായാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ ഇപ്പോൾ തട്ടിപ്പിനുള്ള ഇടനില കേന്ദ്രമായും അത് മാറിക്കഴിഞ്ഞു. അപരിചിതരെ എളുപ്പത്തിൽ വിശ്വസിക്കാതിരിക്കുക എന്നതാണ് തട്ടിപ്പിൽ വീഴാതിരിക്കാനുള്ള ഏറ്റവും നല്ല മുൻകരുതൽ എന്നാണ് ഇതുമായി ബന്ധപ്പെട്ടവരുടെ ഉപദേശം.

ഓൺലൈൻ വഴി പരിചയപ്പെട്ട യുവതിയാണ് ടെക്കി യുവാവിന്റെ പണം തട്ടിയത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഐ.ടി കമ്പനിയിൽ ജോലിചെയ്യുന്ന യുവാവ് യുവതിയെ പരിചയപ്പെട്ട​ത്. പെൺകുട്ടിയെ വിവാഹം കഴിക്കാനുള്ള നീക്കത്തിലായിരുന്നു ഇയാൾ. ഇരുവരും ഫോൺ വഴി ബന്ധം സ്ഥാപിച്ചു. മെച്ചപ്പെട്ട ഭാവിക്കായി കൈയിലുള്ള പണം നിക്ഷേപിക്കുന്നതാണ് നല്ലതെന്ന് യുവതി ഉപദേശം നൽകി. യുവതിയെ വിശ്വസിച്ച യുവാവ് വിവിധ ബാങ്കുകളിൽ നിന്നും ലോൺ ആപ്പുകളിൽ നിന്നുമായായി വായ്പയെടുത്താണ് യുവാവ് ഇത്രയധികം രൂപ സ്വരൂപിച്ചത്.

ഇങ്ങനെ നിക്ഷേപത്തിനായി 71 ലക്ഷം രൂപയാണ് യുവാവ് കടം വാങ്ങിയത്. യുവതിയുടെ നിർദേശം അനുസരിച്ച് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് യുവാവ് 86 ലക്ഷം രൂപ അയച്ചു. ബ്ലിസ്കോയിൻ ട്രേഡിങ് ബിസിനസിലേക്കാണ് പണം നിക്ഷേപിക്കുന്നതെന്നാണ് യുവതി പറഞ്ഞത്. ഇത്രയധികം പണം നിക്ഷേപിച്ചിട്ടും യാതൊരു തരത്തിലുള്ള ലാഭവും ലഭിക്കാതായതോടെയാണ് യുവാവിന് സംശയം തോന്നിയത്.

എന്നാൽ ഇക്കാര്യം സൂചിപ്പിച്ച യുവാവിനോട് 10 ലക്ഷം രൂപ കൂടി നിക്ഷേപമായി നൽകിയാലേ ലാഭമുണ്ടാകൂ എന്നാണ് യുവതി പറഞ്ഞത്.തുടർന്ന് രണ്ട് തവണയായി 3.95 ലക്ഷവും 1.8 ലക്ഷവും യുവാവ് യുവതി പറഞ്ഞ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറി. തുടർന്നും ഒരു ചില്ലിക്കാശും തിരികെ ലഭിക്കാതായപ്പോഴാണ് ചതിക്കപ്പെട്ട വിവരം യുവാവ് മനസിലാക്കിയത്. ദെഹു റോഡിലെ ആദർശ് നഗറിൽ താമസിക്കുന്ന യുവാവ് പൊലീസിൽ പരാതി നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe