മിൽമ പാൽ വില ലിറ്ററിന് നാല് രൂപ കൂട്ടി; ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ

news image
May 20, 2026, 8:49 am GMT+0000 payyolionline.in

തിരുവനന്തപുരം: മിൽമ പാൽ വില ലിറ്ററിന് നാല് രൂപ വർധിപ്പിച്ചു. ഇതോടെ ലിറ്ററിന് 56 രൂപയാകും. ജൂൺ ഒന്ന് മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വരും. മിൽമ ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ ഏപ്രിലിൽ ചേർന്ന യോഗത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം വില വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. പുതുക്കിയ വർധനപ്രകാരമുള്ള തുകയിൽ 83.75 ശതമാനം വിഹിതവും ക്ഷീര കർഷകർക്ക് ലഭിക്കും. 6.25 ശതമാനം വീതം സൊസൈറ്റികൾക്കും ഡീലർമാർക്കും നൽകും. 2.5 ശതമാനം മിൽമയ്ക്കും 0.75ശതമാനം ക്ഷേമനിധിയിലേക്കും മാറ്റിവയ്ക്കും. 0.5 ശതമാനം പ്ലാസ്റ്റിക് നീക്കം ചെയ്യൽ പ്രക്രിയകൾക്കും നൽകാനാണ് തീരുമാനം.

കർഷകന് 3.33 രൂപ ലഭിക്കുന്ന രീതിയിലാണ് വർധനവ് തീരുമാനിച്ചത്. കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് വില വർധിപ്പിക്കൽ നടപടികളിലേക്ക് മിൽമ കടക്കുന്നത്. ശേഷം മൂന്നംഗ പഠന സമിതി റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. പാലിന് വില വർധിക്കുന്നതോടെ മിൽമ പുറത്തിറക്കുന്ന മറ്റ് ഉൽപ്പന്നങ്ങൾക്കും ആനുപാതികമായി വില വർധിക്കും.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe