കോഴിക്കോട്: രണ്ടാം പിണറായി സർക്കാരിൽ പട്ടിക ജാതിമന്ത്രിയെ നൽകാത്തത് ആ വിഭാഗത്തിന് നീക്കിവെച്ച ഫണ്ടുകളും പദ്ധതികളും വെട്ടിക്കുറയ്ക്കാൻ മുഖ്യമന്ത്രി കണ്ടെത്തിയ എളുപ്പമാർഗം ആണെന്ന് ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് എ.കെ.ശശി പറഞ്ഞു. ദളിത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പട്ടികജാതിക്കാരുടെ സാമൂഹ്യ സാമ്പത്തിക ഉന്നമനത്തിന് മുൻ സർക്കാർ തുടങ്ങിവച്ച പല പദ്ധതികളും പിണറായിസർക്കാർ നിർത്തലാക്കി. ഏറ്റവും അവസാനം പട്ടിക വിഭാഗം വിദ്യാർഥികൾക്ക് സൗജന്യമായി നൽകിവന്നിരുന്ന എൻട്രൻസ്, സിവിൽ സർവീസ് കോച്ചിംഗ് സെന്ററുകൾ നിർത്തൽ ചെയ്തു. ഇതുമൂലം സാധാരണ കുടുംബത്തിലെ പട്ടികജാതി യുവതി യുവാക്കൾക്ക് പ്രൊഫഷണൽ കോഴ്സുകൾക്കും ഐഎഎസ്, ഐപിഎസ് തലങ്ങളിൽ കടന്നു വരാനുള്ള സാധ്യതകൾ ഇല്ലാതായിരിക്കുകയാണ്. ഇത് മുഖ്യമന്ത്രിയും ചില ബാഹ്യ ശക്തികളും നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ്. കഴിഞ്ഞ സാമ്പത്തിക വർഷം 612 കോടി രൂപ പട്ടിക വിഭാഗ ഫണ്ട് വെട്ടി കുറച്ചുവെങ്കിൽ ഈ സാമ്പത്തിക വർഷം അതിനേക്കാൾ കൂടുതൽ ഫണ്ടുകൾ വെട്ടി കുറയ്ക്കാനാണ് സാധ്യത. പദ്ധതികൾ നിർത്തൽ ചെയ്താൽ ഫണ്ടുകൾ മാറ്റിവയ്ക്കേണ്ട ആവശ്യമില്ലാത്തതാണ് കാരണമെന്ന് എ.കെ. ശശി ആരോപിച്ചു.
യോഗത്തിൽ ഭാരതീയ ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ഇ. കെ.ശീതൾ രാജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് വീ. ടി. സുരേന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സാമികുട്ടി പി പി, വിഎസ് അഭിലാഷ്, ബാബു കോത്തൂർ, എക്സിക്യൂട്ടീവ് അംഗങ്ങളായ സുരേഷ്. പി, മാധവൻ കളത്തിൽ എന്നിവർ പ്രസംഗിച്ചു.
