വടകര: ലോൺ ആപ്പ് സംഘത്തിന്റെ ഭീഷണിയെയും സൈബർ ആക്രമണത്തെയും തുടർന്ന് ആയഞ്ചേരി സ്വദേശിയായ യുവാവിനെ കാണാതായി. ആയഞ്ചേരി സ്വദേശി വിഷ്ണു പ്രകാശിനെയാണ് (25) കഴിഞ്ഞ 13-ാം തീയതി മുതൽ കാണാതായത്. ബാങ്കിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ വിഷ്ണുവിനെക്കുറിച്ച് പിന്നീട് വിവരമൊന്നുമില്ലെന്ന് ബന്ധുക്കൾ പറഞ്ഞു. വടകര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഓൺലൈൻ ലോൺ ആപ്പിൽ നിന്ന് വിഷ്ണു 10,000 രൂപ വായ്പ എടുത്തിരുന്നതായി പറയപ്പെടുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ സംഘം വിഷ്ണുവിനെയും സുഹൃത്തുക്കളെയും ഫോണിലൂടെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ വിഷ്ണുവിന്റെ ചിത്രം മോർഫ് ചെയ്ത് നഗ്നരൂപത്തിലാക്കി കോൺടാക്റ്റ് ലിസ്റ്റിലുള്ളവർക്ക് അയച്ചു നൽകുകയും ചെയ്തു. ലോൺ ആപ്പ് സംഘത്തിന്റെ ക്രൂരമായ സൈബർ ആക്രമണത്തിൽ യുവാവ് കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.
സംഘത്തിന്റെ ഭീഷണി ഭയന്നാണോ വിഷ്ണു നാടുവിട്ടതെന്ന സംശയത്തിലാണ് ബന്ധുക്കളും പോലീസും.
