വരയുടെ മാസ്‌മരികതയാൽ മലയാളികളെ വിസ്‌മയിപ്പിച്ച ആർട്ടിസ്‌റ്റ്‌ നമ്പൂതിരി അന്തരിച്ചു

news image
Jul 7, 2023, 4:44 am GMT+0000 payyolionline.in

എടപ്പാൾ (മലപ്പുറം): വരയുടെ മാസ്‌മരികതയാൽ മലയാളികളെ വിസ്‌മയിപ്പിച്ച ആർട്ടിസ്‌റ്റ്‌ നമ്പൂതിരി ഓർമച്ചിത്രം. രേഖാചിത്രങ്ങൾകൊണ്ട് മലയാളിയുടെ സാഹിത്യവായനയെ പുതിയ ആസ്വാദനതലത്തിലേക്കുയർത്തിയ കലാകാരനാണ്‌ കരുവാട്ട് മന വാസുദേവൻ നമ്പൂതിരി എന്ന ആർട്ടിസ്‌റ്റ്‌ നമ്പൂതിരി (97). വാർധക്യസഹജമായ രോഗങ്ങളാൽ കോട്ടക്കൽ മിംസ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴം രാത്രി 12.20ന്  അന്തരിച്ചു. സംസ്‌കാരം വെള്ളി വെെകീട്ട് നാലിന് വീട്ടുവളപ്പിൽ.

വരയും ഛായാചിത്രവും ശിൽപ്പകലയും കലാസംവിധാനവുമുൾപ്പെടെ കൈവച്ച മേഖലകളിലെല്ലാം ശോഭിച്ചു. നമ്പൂതിരിയുടെ സ്‌ത്രീവരകൾ ശ്രദ്ധേയമായിരുന്നു. ചരിത്ര കഥാപാത്രങ്ങൾ ജീവൻതുടിക്കുന്നവയായി അവതരിപ്പിച്ചു. കലാമണ്ഡലത്തിനുവേണ്ടി ഫൈബർ ഗ്ലാസിൽചെയ്ത കഥകളി ശിൽപ്പങ്ങളും ചെമ്പുഫലകങ്ങളിൽ മഹാഭാരതവും രാമായണവും വിഖ്യാത പരമ്പരകളും രാജ്യാന്തര ശ്രദ്ധനേടി. ആനുകാലികങ്ങളിലൂടെയുള്ള വരകൾ വായനക്കാർക്ക്‌ സുപരിചിതമാണ്‌.

2004ൽ കേരള ലളിതകലാ അക്കാദമി രാജാ രവിവർമ പുരസ്കാരം നൽകി ആദരിച്ചു. 2022ലും ലളിതകലാ അക്കാദമി ആദരിച്ചു. കലാസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര (ഉത്തരായനം)വും സംസ്ഥാന ബാലസാഹിത്യ അവാർഡും ലഭിച്ചിട്ടുണ്ട്‌. കഥകളി കലാകാരൻമാരെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിത്രശേഖരവും ശ്രദ്ധയമാണ്‌. ആത്മകഥാംശമുള്ള “രേഖകൾ‌’ പുസ്തകം പുറത്തിറങ്ങി. കേരള ലളിതകലാ അക്കാദമി മുൻ ചെയർമാനാണ്.

ഇളയ മകൻ വാസുദേവനും കുടുംബത്തിനുമൊപ്പം എടപ്പാൾ നടുവട്ടത്തെ വീട്ടിലായിരുന്നു താമസം. 1925 സെപ്‌തംബർ 13ന്‌ (ചിങ്ങത്തിലെ ആയില്യം) പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിന്റെയും മകനായി ജനനം. ചെന്നൈയിലെ ഗവ. കോളേജ് ഓഫ് ഫൈൻ ആർട്‌സിൽനിന്ന്‌ ചിത്രകല അഭ്യസിച്ചു. റോയ് ചൗധരി, കെ സി എസ് പണിക്കർ തുടങ്ങിയ പ്രമുഖരുടെ കീഴിലായിരുന്നു ചിത്രകലാപഠനം. 1960 മുതൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ‌ വരച്ചുതുടങ്ങി. കലാകൗമുദി, സമകാലിക മലയാളം തുടങ്ങിയവയിലും വരച്ചു. 2001ൽ ഭാഷാപോഷിണിയിൽ ആത്മകഥ പ്രസിദ്ധീകരിച്ചു. എം ടി, വി കെ എൻ, തകഴി, എസ് കെ പൊറ്റെക്കാട്ട്, പുനത്തിൽ കുഞ്ഞബ്‌ദുള്ള തുടങ്ങിയ പ്രമുഖരുടെ നോവലുകൾക്കും കഥകൾക്കും വരച്ചു. അരവിന്ദൻ സംവിധാനംചെയ്‌ത ഉത്തരായനം, കാഞ്ചനസീത എന്നീ സിനിമകളുടെ ആർട്‌ ഡയറക്ടറായിരുന്നു.

മൃണാളിനിയാണ്‌ ഭാര്യ. മക്കൾ: പരമേശ്വരൻ, വാസുദേവൻ. മരുമക്കൾ: ഉമ, സരിത.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe