വൈറ്റ് ഹൗസില്‍ കൊക്കൈന്‍ കണ്ടെത്തിയ സംഭവത്തില്‍ വ്യാപക അന്വേഷണം; സന്ദര്‍ശക വിവരങ്ങള്‍ പരിശോധിക്കുന്നു

news image
Jul 7, 2023, 9:17 am GMT+0000 payyolionline.in

വാഷിങ്ടണ്‍: വൈറ്റ് ഹൗസില്‍ കണ്ടെത്തിയ വെളുത്ത പൊടി കൊക്കൈനാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ വ്യാപക അന്വേഷണം. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം വൈറ്റ് ഹൗസിലെത്തിയ സന്ദര്‍ശകരുടെ വിവരങ്ങളും ക്യാമറാ ദൃശ്യങ്ങളും ഉള്‍പ്പെടെ പരിശോധിക്കുകയാണ്. എപ്പോഴും സന്ദര്‍ശകരുടെ സാന്നിദ്ധ്യമുള്ള സ്ഥലത്തു നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്.

 

വൈറ്റ് ഹൗസിലെ വെസ്റ്റ് വിങില്‍ നിന്ന് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് വെളുത്ത പൊടി കണ്ടെത്തിയത്. സുരക്ഷ മുന്‍നിര്‍ത്തി വൈറ്റ് ഹൗസില്‍ ഉടന്‍ തന്നെ നിയന്ത്രണങ്ങള്‍ കൊണ്ടുവരികയും പ്രവേശനം തടയുകയും ചെയ്തു. ഇവിടെയുണ്ടായിരുന്ന ആളുകളെ ഒഴിപ്പിച്ച് നടത്തിയ പരിശോധനയില്‍ ഇത് സുരക്ഷാ ഭീഷണിയുള്ള വസ്തുവല്ല എന്ന് അഗ്നിശമന സേന കണ്ടെത്തുകയായിരുന്നു. കണ്ടെത്തിയ വസ്‍തു കൊക്കൈനാണെന്ന് ബുധനാഴ്ചയാണ് വൈറ്റ് ഹൗസിന്റെ സുരക്ഷാ ചുമതലയുള്ള അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചത്.  പ്രസിഡന്റ് ജോ ബൈഡന്‍ ഈ സമയത്ത് വൈറ്റ് ഹൗസില്‍ ഉണ്ടായിരുന്നില്ല.

ഓവല്‍ ഓഫീസ്, ക്യാബിനറ്റ് റൂം, പ്രസ് ഏരിയ, പ്രസിഡന്റിന്റെ സ്റ്റാഫിന്റെ ഓഫീസുകള്‍ തുടങ്ങിയ സ്ഥിതി ചെയ്യുന്ന വെസ്റ്റ് വിങിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് സന്ദര്‍ശകര്‍ അവരുടെ സെല്‍ഫോണുകള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ലോക്കറുകളില്‍ സൂക്ഷിക്കേണ്ടതുണ്ട്. ഇതിനായുള്ള സ്ഥലത്താണ് കൊക്കൈന്‍ കണ്ടെത്തിയത്. സംഭവം ഗൗരവമുള്ളതാണെന്നും വിശദമായ അന്വേഷണം ഇക്കാര്യത്തില്‍ സീക്രട്ട് സര്‍വീസ് നടത്തുമെന്നും പ്രസിഡന്റിന്റെ വക്താവ് പ്രതികരിച്ചു. അതേസമയം സംശയമുള്ളവരുടെ ലഹരി ഉപയോഗ പരിശോധന ഉള്‍പ്പെടെ എന്ത് നടപടിയും സ്വീകരിക്കുമെന്ന് വൈറ്റ് ഹൗസ് വക്താവ് അറിയിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe