1000 രൂപ ടിക്കറ്റെടുത്താണ് ഗുരുവായൂരിൽ ദർശനം നടത്തിയത്, വിഐപി ദർശനമെന്ന ആരോപണം തെറ്റെന്നും മുഖ്യമന്ത്രി; ‘ക്ഷേത്രത്തിൽ പോകരുതെന്ന് പറയരുത്’

news image
May 25, 2026, 10:12 am GMT+0000 payyolionline.in

തിരുവനന്തപുരം: ഗുരുവായൂർ ക്ഷേത്രത്തിൽ വി ഐ പി ദർശനം നടത്തിയെന്ന വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. വി ഐ പി ദർശനം നടത്തിയെന്ന രീതിയിൽ പ്രചരിക്കുന്ന ആരോപണങ്ങൾ തികച്ചും തെറ്റാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. തനിക്കൊപ്പം ആകെ നാല് പേർ മാത്രമാണ് ദർശനത്തിന് കൂടെയുണ്ടായിരുന്നതെന്നും എല്ലാവരും 1000 രൂപയുടെ ടിക്കറ്റെടുത്താണ് ദർശനം നടത്തിയതെന്നും അദ്ദേഹം മന്ത്രിസഭ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. ഇതിന്റെ പേരിൽ വിവാദങ്ങൾ ഉണ്ടാകുമെന്ന് തനിക്ക് മുൻകൂട്ടി അറിയാമായിരുന്നുവെന്ന് പറഞ്ഞ മുഖ്യമന്ത്രി, വിവാദമുണ്ടാക്കുന്നവർ താൻ ഇനി മേലിൽ ക്ഷേത്രത്തിൽ പോകരുതെന്ന് പറയരുതെന്നും പരിഹസിച്ചു.

പരിശോധിക്കുമെന്ന് ഗുരുവായൂർ ദേവസ്വം ചെയർമാൻ
അതേസമയം വി ഐ പി ദർശനത്തിന് അനുവാദമില്ലാത്ത ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ മുഖ്യ മന്ത്രി വി ഡി സതീശൻ ദർശനം നടത്തിയ വിവാദത്തിൽ പ്രതികരിച്ച് നേരത്തെ ഗുരുവായൂർ ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് രംഗത്തെത്തിയിരുന്നു. ദർശനം നിമനാസൃതമാണോ എന്ന് പരിശോധിക്കുമെന്നാണ് ഗോപിനാഥ് പറഞ്ഞത്. മുഖ്യമന്ത്രിയുടെ സന്ദർശനം നിയമാനുസൃതമാണെന്നും നെയ് വിളക്ക് ശീട്ടാക്കിയാണ് ദർശനം നടത്തിയതെന്നും ദേവസ്വം അഡ്മിനിസ്ട്രേറ്ററും പ്രതികരിച്ചു. മന്ത്രി എ പി അനിൽ കുമാറിൻറെ മകൻറെ വിവാഹ ചടങ്ങിന് എത്തിയ മുഖ്യമന്ത്രി ഞായറാഴ്ച ക്ഷേത്ര ദർശനം നടത്തിയതാണ് വിവാദമായത്. വി ഐ പി ദർശനം മൂലം കാലത്ത് മുതൽ വരിനിന്ന ഭക്തർക്ക് അവസരം നിഷേധിക്കപ്പെട്ടെന്ന് ഇടതു പ്രൊഫൈലുകൾ പ്രചരിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിവാദങ്ങൾ പരിശോധിക്കുമെന്ന് ദേവസ്വം ചെയർമാൻ അറിയിച്ചത്. പൊതു അവധി ദിവസങ്ങളിൽ ഗുരുവായൂരിൽ കാലത്ത് ആറ് മുതൽ വി ഐ പി ദർശനം പാടില്ലെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. എന്നാൽ നെയ്വിളക്ക് ശീട്ടാക്കുന്നവർക്ക് അവധി ദിവസങ്ങളിലും ദർശനത്തിന് അവസരം നൽകാം. ഒരാൾക്ക് നെയ്വിളക്കിന് ആയിരം രൂപയും അഞ്ച് പേർക്ക് നാലായിരത്തി അഞ്ഞൂറു രൂപയുമാണ് നെയ്വിളക്ക് ശീട്ടാക്കുന്നതിന് നിരക്ക്. ഏഴേകാലോടെയാണ് മുഖ്യമന്ത്രി ഞായറാഴ്ച ഗുരുവായൂരിൽ എത്തിയത്. കിഴക്കേനടയിൽ വധൂവരന്മാർക്ക് ആശംസകൾ അർപ്പിച്ചു. സതീശൻറെ ഗുരുവായൂർ സന്ദർശനത്തിൽ സതീശന് ഒപ്പമുണ്ടാകാറുള്ള ദേവസ്വം മുൻ ജീവനക്കാരൻ ടി കെ ഗോപാലകൃഷ്ണൻ 4500 രൂപ അടച്ച് അഞ്ച് നെയ്വിളക്ക് ശീട്ടാക്കിയിരുന്നു. ഈ സൗകര്യം ഉപയോഗിച്ചാണ് മുഖ്യമന്ത്രി ക്ഷേത്രത്തിൽ പ്രവേശിച്ചതെന്ന് ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ വ്യക്തമാക്കി. ക്ഷേത്രത്തിലേക്ക് പായസ്സം കൊണ്ടുവരുമ്പോൾ ഭക്തരെ തടഞ്ഞിരുന്നു. ഈ വരിയിൽ തന്നെ പതിനഞ്ച് മിനിറ്റിലേറെ മുഖ്യമന്ത്രി കാത്തു നിന്നശേഷമാണ് തൊഴുതു മടങ്ങിയതെന്നും ഗുരുവായൂർ ദേവസ്വം വ്യക്തമാക്കുന്നു. വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിന് അരഡസനിലേറെ മന്ത്രിമാരും ഗുരുവായൂരെത്തിയിരുന്നു. എം ലിജു, ബിന്ദു കൃഷ്ണ എന്നിവരുൾപ്പടെയുള്ളവർ പുലർച്ചെയാണ് ക്ഷേത്ര ദർശനം നടത്തിയതെന്നാണ് ദേവസ്വം വിശദീകരിച്ചത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe