24 മണിക്കൂർ കൂടി ശക്തമായ മഴയ്‌ക്ക് സാധ്യത: ജാ​ഗ്രത തുടരണമെന്ന് മന്ത്രി കെ രാജൻ

news image
Jul 6, 2023, 7:12 am GMT+0000 payyolionline.in

തൃശൂർ>  സംസ്ഥാനത്ത്  തുടരുന്ന ശക്തമായ മഴ 24 മണിക്കൂർ കൂടി തുടരാൻ സാധ്യതയുണ്ടെന്ന് റവന്യൂമന്ത്രി കെ രാജൻ പറഞ്ഞു. 36 മണിക്കൂർ  തുടരാൻ സാധ്യതയുണ്ട്‌. ഒറ്റപ്പെട്ട മേഖലകളിൽ അതിശക്തമായ മഴക്ക്‌ സാധ്യതയുണ്ട്‌. ജാഗ്രത തുടരണം. വെള്ളിയാഴ്‌ച വൈകീട്ട്‌ ദുർബലമാകുന്ന മഴ 12ന്‌ വീണ്ടും ശക്തമാകുമെന്നാണ്‌ കലാവസ്ഥ വിഭാഗം അറിയിച്ചതെന്നും തൃശൂരിൽ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.

കലക്ടർമാരുമായി ദിവസവും രാവിലെ ആശയ വിനിമയം നടത്തുന്നു.  മാറ്റി പാർപ്പിക്കലടക്കമുള്ള കാര്യങ്ങൾക്ക്‌ കേരളം സജ്ജമാണ്‌. കോവിഡ്‌ മാനദണ്ഡമനുസരിച്ച്‌ മാറ്റി പാർപ്പിച്ചാലും രണ്ടരലക്ഷംപേർക്ക്‌ താമസിക്കാനുള്ള  ക്യാമ്പ്‌ സൗകര്യമുണ്ട്‌.  ജനറൽ ക്യാമ്പുകളാക്കിയാൽ നാലരലക്ഷം പേർക്ക്‌ സുരക്ഷയൊരുക്കാം. മഴ ദുരിതം അനുഭവിക്കുന്നവർക്കായി 91 ദുരിദാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 651 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിട്ടുണ്ട്.

തൃശ്ശൂർ ജില്ലയിൽ  കഴിഞ്ഞ ദിവസം ഉണ്ടായ ഭൂചലനം ഗുരുതരമല്ല. മൂന്നിൽ  താഴെയുള്ള തീവ്രത മാത്രമാണ് രേഖപ്പെടുത്തിയതെന്നും മന്ത്രി അറിയിച്ചു.  ചെറിയ പ്രഷർ റീലീസ്‌ ദോഷമല്ല, അത്‌ ഗുണകരമാണെന്നാണ്‌ വിദഗ്‌ദരുടെ അഭിപ്രായം.ഡാമുകളിലെ ജലനിരപ്പ്  ഉയരുന്നുണ്ടെങ്കിലും ഭീതി ആവശ്യമില്ല. . വെള്ളം കുറേശ്ശെ തുറന്നു വിട്ട് ഡാമുകളിൽ ജല ക്രമീകരണം നടത്തുന്നു.  പൊരിങ്ങൽക്കൂത്തിൽ ബ്ലൂ അലർട്ട്‌ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്‌.  ഇടുക്കിയിൽ  നാലു ഡാമുകളിൽ ജലം തുറന്ന്‌ ക്രമീകരിക്കുന്നുണ്ട്‌.

കുട്ടനാട്‌ കൂടുതൽ ക്യാമ്പുകൾ തറുക്കും.  ഇടുക്കി, കണ്ണൂർ,  വയനാട്, കോട്ടയം ജില്ലയിലെ മലയോര പ്രദേശങ്ങളിലേക്ക് അനാവശ്യ യാത്ര ഒഴിവാക്കണം.  ഏഴ്‌ ജില്ലകളിൽ  കേന്ദ്ര സേനയെത്തി. റവന്യൂ ഉദ്യോഗസ്ഥരോട് അവധി പിൻവലിച്ചെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.  എല്ലാ ഏജൻസികളുമായി യോജിച്ച്‌ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ദേശീയപാതയിൽ വിള്ളലുണ്ടായ കുതിരാൻ പ്രദേശങ്ങൾ സന്ദർശിക്കും. കാര്യങ്ങൾ  പരിശോധിക്കുമെന്നും മന്ത്രി പറ‍ഞ്ഞു. പി ബാലചന്ദ്രൻ എംഎൽഎ, കലക്ടർ  വി ആർ കൃഷ്‌ണ തേജ എന്നിവരും ഒപ്പമുണ്ടായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe