കൊയിലാണ്ടി: കടലൂർ ആവിക്കൽ ബീച്ചിൽ ഥാർ ജീപ്പിൽ സൂക്ഷിച്ച പതിനഞ്ച് ഗ്രാമോളം എം.ഡി.എം.എയും മാരകായുധങ്ങളുമായി യുവാവ് പിടിയിലായി. അരിക്കുളം ഊരള്ളൂർ സ്വദേശി വാകമോളി വീട്ടിൽ സെഞ്ചുവിനെയാണ് (32) ഡാൻസാഫ് സംഘം പിടികൂടിയത്.
കോഴിക്കോട് റൂറൽ എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു പരിശോധന. ഇയാൾ സഞ്ചരിച്ചിരുന്ന ഥാർ ജീപ്പിനുള്ളിൽ നിന്ന് എം.ഡി.എം.എയ്ക്ക് പുറമെ തോക്ക്, കത്തി, വാൾ, ഇരുമ്പ് പൈപ്പ് എന്നിവയും പോലീസ് കണ്ടെടുത്തു. പരിശോധനയ്ക്കിടെ പ്രതി അന്വേഷണ സംഘത്തെ ആക്രമിക്കാൻ ശ്രമിച്ചെങ്കിലും പോലീസ് സംഘം ബലപ്രയോഗത്തിലൂടെ ഇയാളെ കീഴടക്കുകയായിരുന്നു.
എസ്.ഐമാരായ വിനീത് വിജയൻ, മനോജ് രാമത്ത്, എ.എസ്.ഐമാരായ ബിനീഷ് വി. സി, ഷാജി വി. വി, സീനിയർ സി.പി.ഒ ശോഭിത്ത്, സി.പി.ഒമാരായ അനൂപ്സൻ, അതുൽ, ലിതിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്. ഇയാൾ നിരവധി ലഹരി-ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. പ്രതി സഞ്ചരിച്ച ഥാർ ജീപ്പും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
