നിലമ്പൂരിൽ വീട് കേന്ദ്രീകരിച്ച് ലഹരി വിൽപ്പന: 10 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ

news image
Aug 24, 2026, 11:14 am GMT+0000 payyolionline.in

മലപ്പുറം: നിലമ്പൂർ പോത്തുകല്ലിൽ വീട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 10.18 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പൊലീസിന്റെയും ലഹരിവിരുദ്ധ സ്‌ക്വാഡിന്റെയും പിടിയിലായി. നിലമ്പൂർ ചുങ്കത്തറ തച്ചങ്ങാട് സ്വദേശികളായ അജയ്, ഇയാളുടെ സുഹൃത്തും അയൽവാസിയുമായ ബിജോ വർഗീസ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അജയിയുടെ അമ്മയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ പോലീസും ലഹരിവിരുദ്ധ സ്‌ക്വാഡും ചേർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്.

പോലീസ് എത്തുമ്പോൾ ലഹരിമരുന്ന് ചെറിയ പാക്കറ്റുകളിലേക്ക് മാറ്റുന്ന തിരക്കിലായിരുന്നു പ്രതികൾ. ഒരു പാക്കറ്റിന് 1000 രൂപ നിരക്കിൽ ആവശ്യക്കാർക്ക് ചില്ലറ വിൽപ്പന നടത്താനായിരുന്നു ഇരുവരുടെയും പദ്ധതി. മയക്കുമരുന്ന് അളന്നു തിട്ടപ്പെടുത്താൻ ഉപയോഗിച്ചിരുന്ന ഇലക്ട്രോണിക് ഡിജിറ്റൽ ത്രാസും ഇവരിൽ നിന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

പിടിയിലായ അജയ് മുൻപും വൻതോതിലുള്ള ലഹരി കടത്ത് കേസിൽ പ്രതിയാണ്. ഇയാളുടെ പേരിൽ 16 കിലോ കഞ്ചാവ് കടത്തിയതിന് ആന്ധ്രപ്രദേശിലെ പഠേരു പോലീസ് സ്റ്റേഷനിൽ കേസ് നിലവിലുണ്ട്. പ്രതികൾക്ക് മയക്കുമരുന്ന് എവിടെ നിന്നാണ് ലഭിച്ചതെന്നും മേഖലയിൽ ആർക്കൊക്കെയാണ് വിൽപ്പന നടത്തിയതെന്നും പോലീസ് വിശദമായി അന്വേഷിച്ചു വരികയാണ്. വരും ദിവസങ്ങളിൽ പ്രദേശത്ത് പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe