തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനൊപ്പമുള്ള സെൽഫി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിന് പിന്നാലെ നിയുക്ത എംഎൽഎ പി കെ ഫിറോസിനെതിരെ രൂക്ഷ വിമർശനം. വഞ്ചിയൂർ കോടതിയിലെ രാഷ്ട്രീയ കേസിൽ ഹാജരാകാൻ എത്തിയപ്പോൾ എടുത്ത ചിത്രമാണ് ഫിറോസ് പങ്കുവെച്ചത്.
നിയുക്ത എംഎൽഎമാരായ വിഷ്ണു മോഹൻ, ഉല്ലാസ് കോവൂർ, ഫാത്തിമ തഹിലിയ അടക്കമുള്ള യുഡിഎഫ് പ്രവർത്തകരും ചിത്രത്തിലുണ്ട്. നിരവധിപ്പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. മാങ്കൂട്ടത്തിലിനെ മാക്സിമം വെളുപ്പിച്ചെടുക്കണമെന്നതടക്കം വിമർശനങ്ങളാണ് ഉയരുന്നത്. ‘പ്രിയ സുഹൃത്ത് രാഹുൽ മാങ്കൂട്ടത്തിൽ’ എന്നാണ് ഫിറോസ് രാഹുലിനെ വിശേഷിപ്പിച്ചത്. ഇതും വിമർശനങ്ങൾക്ക് ഇടയാക്കുന്നുണ്ട്. ‘പ്രിയ സുഹൃത്തിനെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടെ കൂട്ടാത്തതെന്തെ’ന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ഫാത്തിമ തഹ്ലിയക്കെതിരെയും വിമർശനം ഉയർന്നിട്ടുണ്ട്.
പികെ ഫിറോസിന്റെ ഫേസ്ബുക്ക് കുറിപ്പ്
പിണറായി സർക്കാറിനെതിരെ സമരം ചെയ്തതിന്റെ പേരിലുള്ള കേസിന് ഇന്ന് വഞ്ചിയൂർ കോടതിയിൽ ഹാജരായി. പ്രിയ സുഹൃത്ത് രാഹുൽ മാങ്കൂട്ടത്തിൽ, നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച വിഷ്ണു മോഹൻ, ഉല്ലാസ് കോവൂർ, ഫാത്തിമ തെഹലിയ ഉൾപ്പടെ യു.ഡി.എസ്.എഫിന്റെ സഹപ്രവർത്തകരും കേസിലെ പ്രതികളാണ്. സംസ്ഥാനത്തുടനീളം ഇക്കഴിഞ്ഞ പത്ത് വർഷമായി കേസിലകപ്പെട്ട ആയിരക്കണക്കിന് പ്രവർത്തകർക്ക് കള്ളക്കേസുകളിൽ നിന്നുള്ള മോചനം കൂടിയായിരിക്കും കേരളത്തിലെ ഭരണ മാറ്റം.
