മുണ്ടത്തിക്കോട് സ്‌ഫോടനം; ഇന്നും ശരീരഭാഗങ്ങൾ ലഭിച്ചു, കണ്ടെത്തിയത് തെരുവുനായ ഭക്ഷിക്കുന്ന നിലയിൽ

news image
Apr 24, 2026, 3:46 am GMT+0000 payyolionline.in

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ സ്‌ഫോടനമുണ്ടായ പ്രദേശത്ത് നിന്നും വീണ്ടും ശരീരഭാഗങ്ങൾ കണ്ടെത്തി. വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിൽ നിന്ന് ഒരു കിലോമീറ്റർ മാറിയാണ് ശരീരഭാഗം ലഭിച്ചത്. രണ്ട് ശരീര ഭാഗങ്ങളാണ് ലഭിച്ചതെന്ന് നാട്ടുകാർ പറഞ്ഞു. തെരുവുനായ ഭക്ഷിക്കാനായി കൊണ്ടുപോയ എല്ലിന്റെ ഭാഗമുൾപ്പെടെയാണ് ലഭിച്ചത്. മാംസത്തോടു കൂടിയ ശരീരഭാഗവും ലഭിച്ചിട്ടുണ്ട്. തെരുവുനായ എല്ലിന്റെ ഭാഗം ഭക്ഷിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. നാട്ടുകാർ ഈ ശരീരഭാഗങ്ങൾ പൊലീസിനെ ഏൽപ്പിച്ചു. ഇന്നലെയും നിരവധി ശരീരഭാഗങ്ങൾ മുണ്ടത്തിക്കോട്ടെ ദുരന്തസ്ഥലത്തുനിന്നും കണ്ടെത്തിയിരുന്നു. ഇന്നും സ്ഥലത്ത് തിരച്ചിൽ നടത്തും. കഡാവർ നായ്ക്കളെ ഉൾപ്പെടെ എത്തിച്ചായിരിക്കും തിരച്ചിൽ.

കഴിഞ്ഞ ദിവസം അപകടമുണ്ടായ സ്ഥലത്തുനിന്ന് കണ്ടെത്തിയ തല ഉൾപ്പെടെയുള്ള ശരീരഭാഗങ്ങൾ തിരിച്ചറിഞ്ഞിരുന്നു. തിരുവമ്പാടി ദേവസ്വം കമ്മിറ്റി അംഗമായ ഗിരീഷിൻ്റേതാണ് ശരീരാവശിഷ്ടങ്ങളെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. തൃശൂർ കോട്ടപ്പുറം സ്വദേശിയാണ് ഗിരീഷ്. മൂന്ന് കഡാവർ നായകളും എക്‌സ്‌പ്ലോസീവ് വിഭാഗത്തിന്റെ രണ്ട് നായകളും നടത്തിയ പരിശോധനയിൽ 200 മീറ്റർ അകലെ നിന്ന് ചെവി ഒഴികെയുള്ള തലയുടെ ഭാഗങ്ങളാണ് കണ്ടെത്തിയത്. 10 മൊബൈൽ ഫോണുകളും മേഖലയിൽ നിന്ന് കിട്ടിയിരുന്നു.

ഏപ്രിൽ 21ന് മൂന്നുമണിയോടെയാണ് തൃശൂർ പൂരത്തിന്റെ ഭാഗമായി സാമ്പിൾ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുളള ഒരുക്കങ്ങൾ നടന്ന മുണ്ടത്തിക്കോട്ടെ തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയിൽ സ്ഫോടനമുണ്ടായത്. രണ്ട് വെടിക്കെട്ടിനും വേണ്ടി കരുതിവെച്ചിരുന്ന കരിമരുന്ന് വെടിക്കെട്ട് പുരയിലുണ്ടായിരുന്നു. അപകടത്തിൽ അന്ന് തന്നെ 13 പേർ കൊല്ലപ്പെട്ടു. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്ന പ്രവീൺ കൂടി മരിച്ചതോടെ മരണസംഖ്യ 14 ആയി ഉയർന്നു.

അപകടത്തിൽ പരിക്കേറ്റ ലൈസൻസി സതീഷിന്റെ നില അതീവഗുരുതരമായി തുടരുകയാണ്. തൃശൂർ മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലുളളത് നാലുപേരാണ്. സതീഷ്, വിഷ്ണു, ഉണ്ണികൃഷ്ണൻ, രാകേഷ് എന്നിവരാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുളളത്. വിഷ്ണുവിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുളളതായും വിവരമുണ്ട്. ആറുപേരുടെ നില തൃപ്തികരമാണ്. ഇവരെ വാർഡുകളിലേക്ക് മാറ്റിയിട്ടുണ്ട്. നാളെയോ മറ്റന്നാളോ ഡിസ്ചാർജ് ചെയ്ത് വീടുകളിലേക്ക് അയക്കാൻ സാധിക്കും.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe