തിരുവനന്തപുരം : ഓണത്തോടനുബന്ധിച്ച് എഎവൈ വിഭാഗം റേഷൻ കാർഡ് ഉടമകൾക്കും (മഞ്ഞ കാർഡ്) ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10 ന് ആരംഭിക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ഉത്രാടം ദിനമായ ഓഗസ്റ്റ് 25 നകം വിതരണം പൂർത്തിയാക്കും. 2026 ജൂണിലെ കണക്കുപ്രകാരം ആകെ 6,09,305 കിറ്റുകളാണ് വേണ്ടത്. തുണി സഞ്ചി ഉൾപ്പെടെ 16 ഇനം ഉൽപന്നങ്ങൾ അടങ്ങിയ കിറ്റ് ഒന്നിന് ഉദ്ദേശ്യം 854 രൂപയാണു ചെലവ് കണക്കാക്കുന്നത്. ഇതിനായി 53 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ടെന്നും സിവിൽ സപ്ലൈസ് വകുപ്പിന്റെയും സപ്ലൈകോയുടെയും ഓണക്കാല മുൻഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു. ഇതിനായി 1,65,932 മെട്രിക് ടൺ അരിയും 24,506 മെ.ടൺ ഗോതമ്പും വിപണിയിൽ എത്തിക്കും. ഓണം പ്രമാണിച്ച് മുൻഗണനേതര വിഭാഗത്തിനു സ്പെഷൽ അരി വിതരണം അടുത്തമാസം ആരംഭിക്കും. നീല കാർഡുകാർക്ക് 3 കിലോ അരി 10.90 രൂപ നിരക്കിലും 2 കിലോ ഗോതമ്പ് 8.70 രൂപയ്ക്കും നൽകും.
വിപണി ഇടപെടലിന്റെ ഭാഗമായി സപ്ലൈകോ ഈ വർഷം 3 ജില്ലകളിൽ ഓണം മെഗാ ട്രേഡ് ഫെയറുകളും 11 ജില്ലകളിൽ ഓണം ജില്ലാ ഫെയറുകളും 126 നിയമസഭാ മണ്ഡലങ്ങളിൽ ഓണം മാർക്കറ്റുകളും സംഘടിപ്പിക്കും. തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടും ഓഗസ്റ്റ് 8 മുതൽ 25 വരെ ഓണം മെഗാ ട്രേഡ് ഫെയറുകൾ നടത്തും. 11 ജില്ലകളിൽ ഓണം ജില്ലാ ഫെയറുകൾ ഓഗസ്റ്റ് 16 മുതൽ 25 വരെയാണ്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം വകുപ്പിനു 448.05 കോടി രൂപ അനുവദിച്ചെന്നും മന്ത്രി പറഞ്ഞു. റേഷൻ കാർഡിനായി ആകെ 76,338 ഓൺലൈൻ അപേക്ഷകൾ ലഭിച്ചതിൽ 73,024 അപേക്ഷകൾ അംഗീകരിച്ച് മുൻഗണനാ റേഷൻ കാർഡ് അനുവദിച്ചു.
ഓണക്കിറ്റിലെ ഉൽപന്നങ്ങൾ
പഞ്ചാസാര – 1 കിലോ
വെളിച്ചെണ്ണ – 1 ലീറ്റർ
തുവരപ്പരിപ്പ് – 250 ഗ്രാം
ചെറുപയർ പരിപ്പ് – 250 ഗ്രാം
വൻപയർ – 250 ഗ്രാം
കടല – 500 ഗ്രാം
നെയ്യ് – 100 മില്ലി ലീറ്റർ
ശബരി പായസക്കൂട്ട് – 40 ഗ്രാം
ശബരി ഗോൾഡ് ചായപ്പൊടി – 250 ഗ്രാം
ശബരി പായസം മിക്സ് – 200 ഗ്രാം
ശബരി സാമ്പാർ പൊടി – 100 ഗ്രാം
ശബരി മുളകുപൊടി – 100 ഗ്രാം
ശബരി മഞ്ഞൾ പൊടി – 100 ഗ്രാം
ശബരി മല്ലി പൊടി – 100 ഗ്രാം
ശബരി ഉപ്പു പൊടി 1 കിലോ
തുണിസഞ്ചി
