കോഴിക്കോട്: നിരവധി മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട നാല് യുവാക്കളെ പ്രത്യേക നിയമം ചുമത്തി ജയിലിൽ അടച്ചു. കോഴിക്കോട് നല്ലളം സ്വദേശി സാജിദ് ജമാൽ അഹമ്മദ് (26), ചാലിയം കടലുണ്ടി സ്വദേശി അബുതാഹിർ(26), വാണിമേൽ സ്വദേശി ഷംസീർ(36), മലപ്പുറം പടിഞ്ഞാറ്റുംമുറി സ്വദേശി ഷാഹിദ് ഹുസ്സൈൻ(29) എന്നിവരെയാണ് പൂജപ്പുര സെൻട്രൽ ജയിലിൽ അടച്ചത്. കസബ, മെഡിക്കൽ കോളേജ്, ഫറോക്ക് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർമാർ നൽകിയ പ്രാഥമിക റിപ്പോർട്ട് പ്രകാരം കോഴിക്കോട് സിറ്റി ഡെപ്യൂട്ടി കമ്മിഷണർ സമർപ്പിച്ച ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലടയ്ക്കുകയായിരുന്നു.
നല്ലളം പോലീസ് സ്റ്റേഷൻ പരിധിയിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട സാജിദ് ജമാൽ അഹമ്മദ് മാങ്കാവ് റോയൽ എൻഫീൽഡ് ഷോറൂമിൻറെ സമീപത്തു വെച്ച് കാറിൽ നിന്നും വിൽപ്പനക്കായി സൂക്ഷിച്ച 36.320 ഗ്രാം എം.ഡി.എം.എ യുമായി പിടിയിലായി ജാമ്യത്തിൽ കഴിഞ്ഞു വരവേയാണ് വീണ്ടും അറസ്റ്റിലാകുന്നത്. ബേപ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട അബു താഹിർ 2026 മാർച്ചിൽ രാമനാട്ടുകര സ്പേസ് റസിഡൻസി എന്ന ലോഡ്ജിൽ നിന്നും വിൽപ്പനക്കായി കൈവശം വെച്ച 21.77 ഗ്രാം എം.ഡി.എം.എ യുമായി പിടിയിലായി ജാമ്യത്തിൽ കഴിഞ്ഞു വരികയായിരുന്നു. തേഞ്ഞിപ്പാലം പോലീസ് സ്റ്റേഷൻ പരിധിയിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഷാഹിദ് ഹുസ്സൈൻ രാമനാട്ടുകര വെച്ച് 21.77 ഗ്രാം എം.ഡി.എം.എ യുമായി പിടിയിലായി ജാമ്യത്തിൽ കഴിഞ്ഞു വരവേയാണ് വീണ്ടും പിടിയിലാകുന്നത്.
ഷംസീറിനെ മിംസ് ആശുപത്രിക്കടുത്തുള്ള മർഹബ റൂംസ് എന്ന ലോഡ്ജിൽ വെച്ച് 709.52 എം.ഡി.എം.എ യുമായി അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിൽ കഴിഞ്ഞു വരവേയാണ് വീണ്ടും അറസ്റ്റിലാകുന്നത്. എൻ.ഡി.പി.എസ് നിയമത്തിലെ 68 എഫ് വകുപ്പ് പ്രകാരം മയക്കുമരുന്ന് കടത്താൻ ഉപയോഗിക്കുന്ന വാഹനം, ഇവർ ലഹരി വിൽപനയിലൂടെ സമ്പാദിച്ച മുഴുവൻ സ്വത്തുവകകളും കണ്ടുകെട്ടുന്നതോടൊപ്പം ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നതടക്കമുള്ള നടപടികളും പോലീസ് സ്വീകരിച്ചുവരുന്നുണ്ട്.
