തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകിട്ട് ആറ് മണി മുതൽ 12 മണി വരെയുള്ള സമയങ്ങളിൽ ഭാഗിക നിയന്ത്രണം ഉണ്ടായേക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. പീക്ക് സമയങ്ങളിലെ വൈദ്യുതിയുടെ ആവശ്യകത 600 മുതൽ 800 മെഗാവാട്ട് വരെ ഉയർന്നു.
അന്തരീക്ഷ താപനില താരതമ്യേന ഉയർന്ന നിലയിൽ തുടരുന്നതുമൂലം സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായി വർധിച്ചിരിക്കുകയാണെന്ന് കെഎസ്ഇബി വാർത്താകുറിപ്പിൽ അറിയിച്ചു. ഇതോടൊപ്പം രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വർധിച്ചതിനാൽ പവർ എക്സ്ചേഞ്ചിലൂടെയുള്ള വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ടെന്നും വ്യക്തമാക്കി.
ഗ്രിഡ് കൺട്രോളർ ഓഫ് ഇന്ത്യയുടെ അറിയിപ്പ് പ്രകാരം രാജ്യത്തെ വൈദ്യുതി ലഭ്യതയിലുളള 12000 മെഗാവാട്ടിന്റെ കുറവ് പൂർണ്ണമായും പരിഹരിക്കാത്ത സാഹചര്യവും നിലനിൽക്കുകയാണ്. കേന്ദ്ര വൈദ്യുതി നിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ലഭ്യതയിൽ അപ്രതീക്ഷിത കുറവും അനുഭവപ്പെടുന്നുണ്ട്. കൂടാതെ കഴിഞ്ഞ ദിവസങ്ങളിൽ പീക്ക് സമയങ്ങളിലെ വൈദ്യുതി ആവശ്യകത മുൻകാലങ്ങളിലെ സെപ്റ്റംബർ മാസത്തിലെ ആവശ്യകതയിൽ നിന്ന് 600 മുതൽ 800 മെഗാവാട്ട് വരെ ഉയർന്നിട്ടുമുണ്ട് – വാർത്താകുറിപ്പിൽ പറയുന്നു.
മഴ മാറിനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഉയർന്ന വൈദ്യുതി ആവശ്യകത മുൻദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 600 മുതൽ 800 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യതയുണ്ട്.പവർ എക്സ്ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യവും, ഗ്രിഡ് ഫ്രീക്വൻസി കുറയുന്ന സാഹചര്യവും ഉണ്ടായാൽ, ഇന്ന് ( 07.09.2026 ) സംസ്ഥാനത്ത് വൈകുന്നേരം 6 മണിക്കും 12 മണിക്കുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്നാണ് വാർത്താകുറിപ്പിൽ പറയുന്നത്.
