തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിൽ വളപ്പിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾക്കിടെ ജീവനക്കാർ തമ്മിലടിച്ചു. ജയിൽ ജീവനക്കാരുടെ അസോസിയേഷൻ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശനിയാഴ്ച രാത്രി നടന്ന ഡി.ജെ പാർട്ടിക്കിടെയാണ് സംഭവം. അടിയേറ്റ് ഒരു ജീവനക്കാരന്റെ കണ്ണിന് പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നിന്നുള്ള നിരവധി ജീവനക്കാരാണ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയത്. ഡി.ജെ പാർട്ടി പുരോഗമിക്കവേ ചില ജീവനക്കാർ സ്റ്റേജിൽ കയറി പാട്ടുപാടാനും നൃത്തം ചെയ്യാനും ശ്രമിച്ചതിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവസമയത്ത് ചില ഉദ്യോഗസ്ഥർ മദ്യപിച്ചിരുന്നതായി സംശയമുണ്ട്.
അതേസമയം, സംഭവത്തിന് പിന്നാലെ ജീവനക്കാർ തന്നെ തർക്കം പരിഹരിച്ചതായാണ് വിവരങ്ങൾ. അസോസിയേഷന്റെ ആഭ്യന്തര പരിപാടിയായതിനാലും ആരും ഔദ്യോഗികമായി പരാതി നൽകാൻ തയ്യാറാകാത്തതിനാലും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.
