ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച; അച്ചടക്ക നടപടി വെറുതെ ക്ഷണിച്ചുവരുത്തരുത്, എസ്പിക്കും ഹൈക്കോടതിയുടെ വിമർശനം

news image
Jul 24, 2026, 7:13 am GMT+0000 payyolionline.in

കൊച്ചി: ഡോ. എം കെ റാമിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് വന്ന വീഴ്ചയിൽ എസ്പിക്കും ഹൈക്കോടതിയുടെ വിമർശനം. എന്താണ് മേൽനോട്ട ചുമതലയെന്ന് എസ്പിയോട് ഹൈക്കോടതി ചോദിച്ചു. എല്ലാ കാര്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥനോട് ചോദിച്ചോ? അറസ്റ്റിന്റെ കാരണങ്ങൾ അറിയിച്ചിട്ടുണ്ടെന്ന് പരിശോധിച്ചോ? എന്നും കോടതിയുടെ ചോദ്യമുണ്ടായി. പ്രതി രക്ഷപെടാതിരിക്കാൻ പഴുതടച്ച അന്വേഷണം ഉറപ്പാക്കണം. അന്വേഷണ ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റരുത്. അതിനുള്ള മേൽനോട്ടമാണ് നടത്തേണ്ടത് എന്ന് എസ്പിയോട് ഹൈക്കോടതി പറഞ്ഞു.

മുൻകൂർ ജാമ്യം തള്ളിയതുകൊണ്ട് മാത്രമാണോ അറസ്റ്റെന്നും, കോടതി പറഞ്ഞതുകൊണ്ട് അറസ്റ്റ് ചെയ്തു എന്നാണോ എന്നും ചോദ്യമുണ്ടായി. അറസ്റ്റ് അന്വേഷണ ഏജൻസിയുടെ തീരുമാന പ്രകാരമാകണം. കോടതി ജാമ്യം നൽകുകയോ നിഷേധിക്കുകയോ ചെയ്യും. നിയമവും നടപടിക്രമങ്ങളും പാലിക്കാൻ പൊലീസിന് ബാധ്യതയുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഓരോ കേസിലും പ്രത്യേകം നിർദ്ദേശം കോടതി നൽകുന്നത് സാധ്യമല്ല. നിങ്ങൾക്ക് ഒരു പ്രതിയേയും രക്ഷിക്കാനാവില്ലെന്ന് ഓർത്തോളു എന്ന് പറഞ്ഞ കോടതി പ്രതി രക്ഷപെടണോ എന്ന് കോടതികൾ നിയമപ്രകാരം തീരുമാനിക്കുമെന്നും വ്യക്തമാക്കി. വെറുതെ അനാവശ്യ ശ്രമങ്ങൾ നടത്തരുതെന്നും അച്ചടക്ക നടപടി വെറുതെ ക്ഷണിച്ചുവരുത്തരുതെന്നും എസ്പിക്ക് ഹൈക്കോടതിയുടെ ശകാരമുണ്ടായി.

അതേസമയം ഡിവൈഎസ്പിയെ ഇന്നും കോടതി കുടഞ്ഞു. ഡിവൈഎസ്പിയെ അടുത്തേക്ക് വിളിച്ച് വരുത്തിയായിരുന്നു ഹൈക്കോടതിയുടെ ചോദ്യങ്ങൾ. ഡിവൈഎസ്പിയായിട്ട് എത്ര നാളായി? ഇതുവരെ എത്ര അറസ്റ്റ് രേഖപ്പെടുത്തി? ഡിവൈഎസ്പിയായിട്ട് എത്ര പേരെ അറസ്റ്റ് ചെയ്തു? പത്തിൽ ഒൻപതിലും വീഴ്ചയില്ല, ഇതിൽ മാത്രമെങ്ങനെ വീഴ്ച പറ്റി? അറസ്റ്റിലെ നടപടിക്രമങ്ങൾ അറിയില്ലേ? എന്നിങ്ങനെയായിരുന്നു കോടതിയുടെ ചോദ്യങ്ങൾ. പ്രതിയെ അറസ്റ്റിന്റെ കാരണങ്ങൾ അറിയിക്കാത്തത് മനപൂർവ്വം ആണോ? ഈ കേസുമായി ബന്ധപ്പെട്ട് മേലുദ്യോഗസ്ഥർ നിരന്തരം വിളിച്ചില്ലേ? എന്നും കോടതി ചോദിച്ചു. തൂഫാൻ ഉൾപ്പടെയുള്ള നല്ല കാര്യങ്ങൾ ആഭ്യന്തര വകുപ്പ് ചെയ്യുന്നു അതിനിടയിൽ ശോഭ കെടുത്തലാണോ ശ്രമം എന്നായിരുന്നു കോടതി ചോദിച്ചത്. ഇതുവരെ ഒരു മുറിവും പറ്റിയില്ല, പക്ഷേ പറ്റിയത് കഴുത്തിനാണ്. അങ്ങനെ സംഭവിച്ചാൽ ആൾ മരിച്ചുപോകും ഡിവൈഎസ്പീ… എന്ന പരിഹാസവും കോടതിയുടെ ഭാഗത്ത് നിന്നുണ്ടായി. നിയമം അറിയുന്ന നിങ്ങൾ വീഴ്ച വരുത്തിയത് മനപൂർവ്വമാണെന്ന് പറഞ്ഞ കോടതി നീതി അന്യം നിന്നുപോയിട്ടില്ലെന്നും പൊലീസ് വിചാരിച്ചാൽ ആരെയും എന്തും ചെയ്യാനാവില്ലെന്നും ചൂണ്ടിക്കാട്ടി.

ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി ആരംഭിച്ചതായി സർക്കാർ കോടതിയെ അറിയിച്ചു. അച്ചടക്ക നടപടിയെ സംബന്ധിച്ച വിവരങ്ങൾ കോടതിയെ അറിയിക്കണമെന്ന് കോടതി നിർദഗേശം നൽകി. ഇതിനിടെ വാദത്തിനിടയിൽ മൈക്ക് ഓഫ് ചെയ്തതിന് അഭിഭാഷകനെ കോടതി വിമർശിച്ചു. മൈക്ക് ഓഫ് ചെയ്യാൻ നിങ്ങൾക്കാരാണ് അധികാരം തന്നതെന്നായിരുന്നു അഭിഭാഷകനോട് ഹൈക്കോടതിയുടെ ചോദ്യം. മാധ്യമങ്ങൾ കോടതി നടപടി റെക്കോർഡ് ചെയ്യുന്നു എന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിക്കുകയും ചെയ്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe