ഗ്രാമീണ മേഖലകളിലെ തപാൽ ഓഫീസുകൾ അടച്ചുപൂട്ടരുത്: വടകര താലൂക്ക് വികസന സമിതി യോഗം

news image
Nov 7, 2026, 4:04 pm GMT+0000 payyolionline.in

വടകര: ഗ്രാമീണ മേഖലകളിലെ തപാൽ ഓഫീസുകൾ അടച്ച് പുട്ടാനുള്ള പോസ്റ്റൽ ഡിപ്പാർട്ട്മെൻറ് നടപടി പിൻവലിക്കണമെന്ന് വടകര താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ജില്ലയിലെ നഗരസഭ പരിധിയിൽ ഉൾപ്പെടെയുള്ള തപാൽ ഓഫീസുകളാണ് അടച്ചു പൂട്ടൽ ഭീഷണി നേരിടുന്നത്. നഗര പരിധിയിലെ ഗ്രാമീണ തപാൽ ഓഫീസുകൾ അടച്ചു പൂട്ടാനുള്ള പോസ്റ്റൽ ഡയറക്ടറേറ്റിന്റെ നിർദ്ദേശത്തെ തുടർന്നാണ് ബ്രാഞ്ച് പോസ്റ്റ്‌ ഓഫീസുകൾക്ക് പൂട്ടു വീഴുന്നത്. അടച്ച് പൂട്ടൽ വിഷയം സമിതി അംഗം പ്രദീപ് ചോമ്പാലയാണ് ഉന്നയിച്ചത്. വടകര നഗരസഭയിലെ മേപ്പയിൽ, പുത്തൂർ, നടക്കു താഴ, കൊയിലാണ്ടി നഗരസഭയിലെ മേലൂർ, കുറുവങ്ങാട്, നടേരി, പെരുവട്ടൂർ, കേന്ദ്ര ഭരണ പ്രദേശമായ മാഹി നഗരസഭയിലെ പള്ളൂർ, നാലുതറ, പന്തക്കൽ എന്നീ ബ്രാഞ്ച് പോസ്റ്റ്‌ ഓഫീസുകളാണ് അടച്ചു പൂട്ടൽ ഭീഷണി നേരിടുന്നത്. ബ്രാഞ്ച് തപാൽ ഓഫീസുകൾ ഇല്ലാതാവുന്നതോടെ ഗ്രാമീണ മേഖലയിലുള്ളവർക്ക് സേവനങ്ങൾ അപ്രാപ്യമാകും.പോസ്റ്റ് ഓഫീസുകൾ അടച്ചുപൂട്ടുന്ന കാര്യം തിരുവനന്തപുരത്ത് നേരിട്ടെത്തി പോസ്റ്റ് മാസ്റ്റർ ജനറലിന്റെ ശ്രദ്ധയിൽപെടുത്തുമെന്ന്  കെ.കെ. രമ എം.എൽ.എ വ്യക്തമാക്കി. വടകര ലിങ്ക് റോഡിൽ നിന്ന് സർവീസ് നടത്തുന്ന ബസുകൾ പഴയ സ്റ്റാൻഡി ലേക്ക് മാറ്റണമെന്ന ആവശ്യം സമിതി യോഗത്തിൽ ചർച്ചയായി . വിവിധ സംഘടനകളുമായി ചർച്ച ചെയ്ത് ഇതിൽ പരിഹാരം കാണാൻ ഇടപെടുമെന്ന് എം.എൽ.എ അറിയിച്ചു. പ്രശ്നത്തിന്റെ ഗൗരവം സമിതി അംഗങ്ങളായ പി പി രാജൻ, പുറന്തോടത്ത് സുകുമാരൻ എന്നിവരാണ് ഉന്നയിച്ചത്. കാട്ട് പന്നി ശല്യം അവസാനിപ്പിക്കാൻ നടപടിയെടുത്ത ഷൂട്ടർമാർക്ക് ചില പഞ്ചായത്തുകൾ നേരത്തെ തീരുമാനിച്ച പണം അനുവദിച്ചില്ലെന്ന് സമിതി അംഗം കളത്തിൽ ബാബു പറഞ്ഞു. കുറ്റ്യാടി -കണ്ണൂർ വിമാനത്താവള റോഡിന്റെ ഭരണാനുമതി നൽകി യാഥാർത്ഥ്യമാക്കണം എന്ന്  പി സുരേഷ് ബാബു ആവശ്യപ്പെട്ടു. കണ്ണൂർ ജില്ലയിൽ അലൈൻമെന്റ് പൂർത്തിയാക്കി സ്ഥലങ്ങൾ മാർക്ക് ചെയ്തിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ ഭാഗങ്ങളിൽ അലൈൻമെന്റ് പൂർത്തിയാക്കി സർക്കാറിന് ഡി.പി.ആർ സമർപ്പിച്ചെങ്കിലും ഇതുവരെ ഭരണാനുമതി ലഭിച്ചിട്ടില്ലെന്ന് പരാതിയിൽ പറഞ്ഞു.

അഴിയൂർ പ്രസിഡൻ്റ് കെ ലീല അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ കെ രമ എം.എൽ. എ, തോടന്നൂർ ബ്ലോക്ക് പ്രസിഡൻ്റ് ടി കെ അഷ്‌റഫ് , എടച്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് ടി വിഗോപാലൻ, ഒഞ്ചിയം പഞ്ചായത്ത് പ്രസിഡൻ്റ് ഷജിന കൊട്ടടക്കാട്ട് , പി സുരേഷ് ബാബു പുറന്തോടത്ത് സുകുമാരൻ പിപി രാജൻ, പ്രദീപ് ചോമ്പാല, കളത്തിൽ ബാബു, ടി എം മുസ്തഫ, തഹസിൽദാർ കെ രജീഷ് കുമാർ വിവിധ വകുപ്പ് മേധാവികൾ എന്നിവർ സംസാരിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe