തിരുവനന്തപുരം: കോവളത്ത് ആന്ധ്രാസ്വദേശിയായ 16കാരിയെ സ്പായിൽ വെച്ച് പീഡിപ്പിച്ച കേസിൽ ഒരു ഇടപാടുകാരൻ കൂടി പൊലീസിൻറെ പിടിയിലായി. തിരുനൽവേലി സ്വദേശിയായ വീരപാണ്ഡ്യനെയാണ് എസ്.ഐ.ടി അറസ്റ്റ് ചെയ്തത്. തിരുനെൽവേലിയിലെ കച്ചവടക്കാർക്ക് പണം പലിശയ്ക്ക് കൊടുക്കുന്നയാളാണ് ഇയാൾ. പെൺകുട്ടിയെ സ്പായിലും ഹോട്ടലിലുമായി ഇയാൾ പലതവണ പീഡിപ്പിച്ചതായാണ് കണ്ടെത്തൽ. കോവളം സ്പാകേസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കൂടുതൽ ഇടപാടുകാരിലേക്ക് നീങ്ങുകയാണ് പ്രത്യേക അന്വേഷ സംഘം.
തിരുനൽവേലി സ്വദേശിയായ വീരപാണ്ഡ്യനെ സ്വന്തം നാട്ടിൽ നടത്തിയ തെരച്ചിലിന് ഒടുവിലാണ് അന്വേഷണ സംഘം പിടികൂടിയത്. പെൺകുട്ടിയെ ഇയാൾ അഞ്ചു തവണ പീഡിപ്പിച്ചെന്നാണ് അന്വേഷണ സംഘത്തിൻറെ കണ്ടെത്തൽ. മൂന്ന് തവണ സജിത്തിൻറെ ഉടമസസ്ഥതയിലുള്ള സ്പായിലും പിന്നീട് കോവളത്ത് തന്നെയുള്ള പഞ്ച നക്ഷത്ര ഹോട്ടലിലും വെച്ചും പീഡിപ്പിച്ചു. രാത്രികാലങ്ങളിലാണ് കുട്ടിയെ ഹോട്ടലിലേക്ക് കൊണ്ടു പോയിരുന്നത്. ഇതിനായി മുപ്പതിനായിരം രൂപ സജിത്തിന് നൽകിയെന്നാണ് കണ്ടെത്തൽ. ഹോട്ടലിൽ എത്തിച്ചശേഷം ഇടപാടുകാരിൽനിന്ന് ഒരുദിവസം 30000 മുതൽ 40000 രൂപവരെയാണ് ഈടാക്കിയിരുന്നത്.
സംഭവത്തിൽ ഹോട്ടൽ ഉടമയ്ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. കേസിൽ ഇത് വരെ അറസ്റ്റിലായത് 14 പേരാണ്. ഇതിൽ ആറ് പേരും ഇടപാടുകാരാണ്. സ്പാ ഉടമകൾ, ഇവരുടെ ബിനാമികള്‍,പെൺകുട്ടിയെ ആന്ധ്രയിൽ നിന്ന് കേരളത്തിലെത്തിച്ച ഇളയമ്മ ,ഇടനിലക്കാരി എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. വരും ദിവസങ്ങളില്‍ കൂടുതൽ ഇടപാടുകാർ പിടിയിലാകുമെന്നാണ് എസ് ഐ ടി നൽകുന്ന സൂചന.
