130 രൂപ ടോൾ നൽകാതെ മുങ്ങി; ഒളവണ്ണയിൽ ടോൾ വെട്ടിച്ച് പാഞ്ഞത് 9 കോടിയുടെ റോൾസ് റോയ്സ് കാർ!

news image
Jun 16, 2026, 6:03 am GMT+0000 payyolionline.in

പന്തീരാങ്കാവ് (കോഴിക്കോട്): ദേശീയപാത ബൈപാസിൽ ഒളവണ്ണ ടോൾ പ്ലാസയിൽ വെറും 130 രൂപയുടെ ടോൾ നൽകാതെ, ബാരിയർ അടയ്ക്കുന്നതിന് മുൻപ് ഒൻപത് കോടിയിലധികം വിലമതിക്കുന്ന ലക്ഷ്വറി കാർ വെട്ടിച്ചു കടന്നതായി പരാതി. ഹരിയാന രജിസ്ട്രേഷനിലുള്ള ‘റോൾസ് റോയ്സ് ഗോസ്റ്റ്’ കാറാണ് ടോൾ നൽകാതെ അതിവേഗത്തിൽ പാഞ്ഞുപോയത്. സംഭവത്തിൽ ടോൾ പ്ലാസ അധികൃതർ പൊലീസിനും റോൾസ് റോയ്സ് കമ്പനിക്കും ഔദ്യോഗികമായി പരാതി നൽകി.

കഴിഞ്ഞ ജൂൺ 4-ാം തിയ്യതി വൈകിട്ട് 3.36-നാണ് സംഭവം അരങ്ങേറിയത്. രാമനാട്ടുകര ഭാഗത്തുനിന്നും വെങ്ങളം ഭാഗത്തേക്ക് പോവുകയായിരുന്ന HR 72 K 7977 എന്ന നമ്പറിലുള്ള റോൾസ് റോയ്സ് കാറാണ് ടോൾ നൽകാതെ മുങ്ങിയത്. മുൻപിലുണ്ടായിരുന്ന വാഹനം കടന്നുപോയതിന് പിന്നാലെ ജീവനക്കാർ ടോൾ ബാരിയർ ആം (Barrier Arm) താഴ്ത്തുന്നതിന് മുൻപ് തന്നെ ആഡംബര കാർ അതിവേഗത്തിൽ മുന്നോട്ട് എടുത്ത് അപ്പുറത്തെത്തിക്കുകയായിരുന്നു. ഇതേ ഹരിയാന രജിസ്ട്രേഷനിലുള്ള മറ്റൊരു വാഹനവും സമാനമായ രീതിയിൽ പലതവണ ടോൾ നൽകാതെ വെട്ടിച്ചു കടന്നിട്ടുള്ളതായി ടോൾ പ്ലാസ അധികൃതർ വ്യക്തമാക്കുന്നു. ദിനംപ്രതി ഒട്ടേറെ വാഹനങ്ങൾ ഇത്തരത്തിൽ ടോൾ വെട്ടിച്ചുകടക്കുന്നതായും പൊലീസിൽ ദൃശ്യങ്ങൾ സഹിതം പരാതിപ്പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe