‘ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയിട്ടില്ല, തെറ്റായ വാർത്തകൾ വിശ്വസിക്കരുത്’: വിശദീകരണവുമായി കെ.എസ്.ആർ.ടി.സി.

news image
Jun 16, 2026, 4:28 am GMT+0000 payyolionline.in

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ബസുകളാക്കി മാറ്റിയെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് അധികൃതർ വ്യക്തമാക്കി. പ്രിയദർശിനി പദ്ധതി പ്രകാരം സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത് ഓർഡിനറി ബസുകളിൽ മാത്രമാണെന്നും, സിറ്റി ഫാസ്റ്റ് സർവീസുകൾ ഈ പദ്ധതിയുടെ പരിധിയിൽ വരുന്നതല്ലെന്നും കെ.എസ്.ആർ.ടി.സി. അറിയിച്ചു.

 

​സിറ്റി ഫാസ്റ്റ് സർവീസുകൾക്ക് പ്രത്യേക നിരക്കും പ്രത്യേക സർവീസ് വിഭാഗവുമാണുള്ളത്. ഓർഡിനറി ബസുകളെല്ലാം പഴയതുപോലെ തന്നെ സർവീസ് തുടരുന്നുണ്ട്. പദ്ധതി പ്രകാരം സൗജന്യ യാത്ര അനുവദിക്കുന്ന ബസുകളിൽ പൊതുജനങ്ങൾക്ക് തിരിച്ചറിയാനായി പ്രത്യേക സ്റ്റിക്കറുകൾ പതിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിൽ നിലവിൽ 384 സിറ്റി ഫാസ്റ്റ് ബസുകളും 687 ഓർഡിനറി ബസുകളും സർവീസ് നടത്തുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. സോഷ്യൽ മീഡിയയിലെ തെറ്റായ പ്രചാരണങ്ങളിൽ വീഴരുതെന്നും പ്രിയദർശിനി പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങൾ നേരത്തേ തന്നെ പൊതുജനങ്ങളെ അറിയിച്ചിരുന്നതായും കെ.എസ്.ആർ.ടി.സി. വിശദീകരിച്ചു.

 

​അതേസമയം, തിരുവനന്തപുരം നഗരത്തിൽ നിലവിൽ ഓർഡിനറി ബസുകളുടെ എണ്ണം വളരെ കുറവാണെന്ന ആക്ഷേപമുണ്ട്. നഗരത്തിലെ സർവീസുകളിൽ 95 ശതമാനവും സിറ്റി ഫാസ്റ്റ് ബസുകളാണ്. സിറ്റി ഡിപ്പോയുടെ പരിധിയിൽ വരുന്ന വെള്ളനാട്ടുനിന്ന് നഗരത്തിലേക്ക് നിലവിൽ നേരിട്ട് ഓർഡിനറി ബസുകളില്ലാത്ത അവസ്ഥയാണ്. മറ്റ് സിറ്റി ഡിപ്പോകളിലും ഓർഡിനറി ബസുകൾ കുറവാണെങ്കിലും നഗരപരിധി കഴിഞ്ഞാൽ ഓർഡിനറി സർവീസുകൾ ധാരാളമുണ്ട്. തിരുവനന്തപുരം കോർപ്പറേഷൻ നൽകിയ സ്മാർട്ട് സിറ്റി ഇലക്ട്രിക് ബസുകൾ സിറ്റി ഫാസ്റ്റ് വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

 

​കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതി തിങ്കളാഴ്ചയാണ് ആരംഭിച്ചത്. മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. തമ്പാനൂർ മുതൽ പെരുമാതുറ വരെയുള്ള യാത്രയോടെയായിരുന്നു പദ്ധതിയുടെ തുടക്കം. ഈ പദ്ധതി വഴി യാത്ര ചെയ്യാൻ സ്ത്രീകൾക്ക് പ്രത്യേകം തിരിച്ചറിയൽ കാർഡോ രജിസ്ട്രേഷനോ പ്രായപരിധിയോ മാനദണ്ഡമല്ല. എല്ലാ സ്ത്രീകൾക്കും സൗജന്യ യാത്ര ലഭിക്കുന്നതിനാൽ വിദ്യാർത്ഥിനികൾക്ക് ഇനി ഓർഡിനറി ബസുകളിൽ കൺസെഷൻ ടിക്കറ്റിന്റെ ആവശ്യമുണ്ടാകില്ല. സൗജന്യ യാത്ര അനുവദിക്കുന്ന ബസുകളുടെ മുന്നിലും വശങ്ങളിലും ‘പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര’ എന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടാകും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe