കാലവർഷം: അടിയന്തര മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിർദ്ദേശം; സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കണം

news image
May 30, 2026, 9:21 am GMT+0000 payyolionline.in

അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങളും മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള ദുരന്തസാധ്യതകളും മുന്നിൽ കണ്ട് എല്ലാ വകുപ്പുകളും കാലവർഷത്തിന് മുന്നോടിയായുള്ള പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ദുരന്തബാധിത മേഖലയിലെ ആളുകളുടെ വിവരശേഖരണം വേണം. മഴക്കാലപൂർവ ശുചീകരണം തദ്ദേശസ്ഥാപനങ്ങൾ ഉടൻ പൂർത്തിയാക്കണം. സ്‌കൂളുകളുടെ സുരക്ഷ ഉറപ്പ് വരുത്തണം. കാലവർഷ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ചേർന്ന ഉന്നതതല യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ച ഓറഞ്ച് ബുക്കിലെ നിർദേശങ്ങൾ എല്ലാ വകുപ്പുകളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കാലാവസ്ഥാ പ്രവചനങ്ങൾ കൂടുതൽ ശാസ്ത്രീയമാക്കുന്നതിനായി കേന്ദ്ര ഏജൻസികളുമായും കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങളുമായും ഏകോപനം ശക്തമാക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡാമുകളുടെ സുരക്ഷ, മഴയുടെ ലഭ്യത, നീരൊഴുക്ക് എന്നിവ ശാസ്ത്രീയമായി നിരീക്ഷിക്കണം. കേന്ദ്ര ജല കമ്മീഷനും ഡാം സുരക്ഷാ അതോറിറ്റിയുമായും വകുപ്പുകൾ തുടർച്ചയായ ബന്ധം പുലർത്തണം. അണക്കെട്ടുകളിലെ ജലനിരപ്പ് റൂൾ കർവിന് മുകളിൽ എത്തുന്നില്ലെന്ന് ഉറപ്പാക്കണം. ദുരന്തസാധ്യതാ പ്രദേശങ്ങളിലെ ജനങ്ങളുടെ പട്ടിക തദ്ദേശസ്വയംഭരണ സ്ഥാപന-വില്ലേജ് തലങ്ങളിൽ പുതുക്കണം. ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളിലെ കുടുംബങ്ങളുടെയും അതിഥി തൊഴിലാളികളുടെയും വിവരശേഖരണം നടത്തി മുന്നറിയിപ്പുകൾ സമയബന്ധിതമായി എത്തിക്കുന്ന സംവിധാനം ഒരുക്കണം.

മഴക്കാല പൂർവ ശുചീകരണം എല്ലാ തദ്ദേശസ്ഥാപനങ്ങളും അടിയന്തരമായി പൂർത്തീകരിക്കണം. ഓടകൾ, കൈത്തോടുകൾ, കനാലുകൾ എന്നിവയിലെ തടസ്സങ്ങൾ നീക്കുകയും മാലിന്യനിർമാർജനം വേഗത്തിലാക്കുകയും വേണം. കൊതുക് നശീകരണ പ്രവർത്തനങ്ങളും ശക്തമാക്കണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe