തൃശൂർ : ഗുരുവായൂർ ക്ഷേത്രദർശനത്തിനായി ഇനി ഓൺലൈൻ ബുക്കിങ് . സൗകര്യപ്രദമായ സ്ലോട്ട് ബുക്ക് ചെയ്ത് ദർശനം നടത്തുന്നതിനുള്ള ഓൺലൈൻ സേവനം വരുന്നു. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് ദർശനത്തിന് ഓൺലൈൻ സംവിധാനം ഏർപ്പെടുത്താൻ ഭരണ സമിതി തീരുമാനിച്ചത്. ഓഗസ്റ്റ് 4 മുതൽ ഇത് പ്രാബല്യത്തിൽ വരും.
പരീക്ഷണാടിസ്ഥാനത്തിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് ആദ്യം വെർച്വൽ ക്യൂ ബുക്കിങ് നടപ്പിലാക്കുക. ദേവസ്വത്തിന്റെ ഔദ്യോഗിക വെബ്സെറ്റിൽ ഇതിനായി ബുക്ക് ചെയ്യാം. ബുക്കിംഗ് നടത്തിയതിന്റെ പകർപ്പ് ഡൗൺലോഡ് ചെയ്ത് ആധാർ കാർഡുമായി ക്ഷേത്രനടയിൽ എത്തി സെക്യൂരിറ്റി ജീവനക്കാരെ കാണിക്കണം. ഓൺലൈൻ ബുക്കിംഗ് സംവിധാനം ചെയ്തവർക്ക് പ്രത്യേക നിരയായി സംവിധാനം ഒരുക്കും. രാവിലെ ഏഴു മുതൽ 10 വരെയും ഉച്ചയ്ക്ക് 12 മുതൽ ഒന്നു വരെയും വൈകിട്ട് നാലു മുതൽ അഞ്ചു വരെയുമാണ് ഓൺലൈൻ വഴി ബുക്ക് ചെയ്തവർക്ക് ദർശന സമയം അനുവദിച്ചിരിക്കുന്നത്. ഓരോ മണിക്കൂറിലും 300 പേർക്കാണ് ദർശനം. ഓരോ സ്ലോട്ടിലും ആറു പേർക്ക് വരെ ബുക്ക് ചെയ്യാം. ഈ സേവനം വഴി ദിവസവും 2400 പേർക്ക് ദർശനം നടത്താനാകുമെന്നാണ് പ്രതീക്ഷ.
