സിംബാബ്വെക്കെതിരായ രണ്ടാം ടി20യിൽ 219 റൺസ് അടിച്ചുകൂട്ടിയതോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ അപൂർവ റെക്കോർഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ തവണ 200-ഓ അതിനു മുകളിലോ റൺസ് നേടുന്ന ടീമെന്ന സ്വന്തം റെക്കോർഡിനൊപ്പമാണ് ഇന്ത്യ വീണ്ടുമെത്തിയത്. 2026ൽ ഒൻപതാം തവണയാണ് ഇന്ത്യ ഈ നേട്ടം കൈവരിക്കുന്നത്. 2024ലും സമാനമായ രീതിയിൽ ഒൻപത് തവണ ഇന്ത്യ 200 പ്ലസ് സ്കോർ ഉയർത്തിയിരുന്നു. ഈ വർഷം ഇനിയും മത്സരങ്ങൾ അവശേഷിക്കുന്നുണ്ടെന്നിരിക്കെ, സ്വന്തം പേരിലുള്ള ഈ റെക്കോർഡ് തിരുത്തിക്കുറിക്കാനുള്ള സുവർണ്ണാവസരവും ടീം ഇന്ത്യയ്ക്ക് മുന്നിലുണ്ട്.
ഐസിസിയിലെ മറ്റ് ഫുൾ മെമ്പർ രാജ്യങ്ങൾക്കൊന്നും തന്നെ അവകാശപ്പെടാനില്ലാത്ത നേട്ടമാണിത് എന്നതാണ് ശ്രദ്ധേയം. ഇന്ത്യയൊഴികെയുള്ള മറ്റ് മുൻനിര രാജ്യങ്ങൾക്ക് ഒരു കലണ്ടർ വർഷത്തിൽ ആറിൽ കൂടുതൽ തവണ ഈ റെക്കോർഡിലേക്ക് എത്താൻ സാധിച്ചിട്ടില്ല. 2022ൽ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും, 2024ൽ വെസ്റ്റ് ഇൻഡീസും ആറ് തവണ വീതം ഈ നേട്ടം സ്വന്തമാക്കിയിരുന്നു. 2023ൽ ഏഴ് തവണ ഈ സ്കോറിലെത്തിയ ഇന്ത്യ, ഈ ഫോർമാറ്റിൽ തങ്ങളുടെ സർവാധിപത്യം നേരത്തെ തന്നെ തെളിയിച്ചതാണ്. ഫുൾ മെമ്പർമാരല്ലാത്ത രാജ്യങ്ങളിൽ 2024ൽ ജപ്പാനും 2025ൽ ഓസ്ട്രിയയും ഏഴ് തവണ വീതം 200 പ്ലസ് സ്കോറുകൾ ഉയർത്തിയിട്ടുണ്ട്.
