മിൽമ പാലിന് 4 രൂപ കൂടും; വിലവർധന ഉടൻ നിലവിൽ വരില്ല

news image
Apr 29, 2026, 8:56 am GMT+0000 payyolionline.in

സംസ്ഥാനത്ത് മിൽമ പാലിന് ലിറ്ററിന് നാലുരൂപ കൂട്ടാൻ ധാരണ. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തീരുമാനം ഉടൻ നടപ്പിലാക്കില്ല. മിൽമ ബോർഡ് യോഗത്തിലാണ് സുപ്രധാന തീരുമാനം. മൂന്ന് മുതൽ ആറ് രൂപ വരെ കൂട്ടണമെന്നായിരുന്നു യൂണിയനുകളുടെ ആവശ്യം.
വില ഇപ്പോൾ വർധിപ്പിച്ചാൽ പെരുമാറ്റച്ചട്ട ലംഘനം ഉണ്ടാകുമോ എന്നാണ് ബോർഡിന്റെ ആശങ്ക. ഈ വിഷയം ഉന്നയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചിട്ടും അനുകൂലമായ മറുപടി ലഭിച്ചില്ലെന്നാണ് ബോർഡ് വ്യക്തമാക്കുന്നത്. എന്നാൽ തീരുമാനം ഇപ്പോൾ നടപ്പാക്കാത്തതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുള്ളതായി സംശയിക്കുന്നുവെന്ന് ചില യൂണിയനുകൾ ആരോപിക്കുന്നു. സർക്കാർ മാറുകയാണെങ്കിൽ വില വർധനയുടെ പഴി പുതിയ സർക്കാരിന്റെ തലയിലിട്ട് തടിതപ്പാൻ ശ്രമം നടക്കുന്നുവെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.
യോഗം നടക്കുന്നതിനിടെ എറണാകുളം യൂണിയൻ ഭാരവാഹികൾ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോകുകയും പ്രതിഷേധിക്കുകയും ചെയ്തു. വില വർധനവ് ഉടന് നടപ്പിലാക്കാൻ തീരുമാനമെടുക്കാത്തതിനാലാണ് പ്രതിഷേധം. വില വർധനയുണ്ടാകുമെന്ന് ക്ഷീരവകുപ്പ് മന്ത്രി ഡിസംബറിൽ പറഞ്ഞിട്ട് പോലും ഇത് നടപ്പിലാക്കാത്തതിലാണ് എറണാകുളം യൂണിയൻ ഭാരവാഹികൾ പ്രതിഷേധം അറിയിച്ചിരിക്കുന്നത്. തത്വത്തിൽ വില വർധന തീരുമാനിച്ചിട്ടുണ്ടെങ്കിലും എന്തുകൊണ്ട് ഇത് നടപ്പിലാക്കുന്നില്ലെന്നാണ് ഇവരുന്നയിക്കുന്ന ചോദ്യം.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe