വടകര റെയിൽവേ സ്റ്റേഷനിലെ പഴയ ആർ.എം.എസ്. കെട്ടിടം യാത്രക്കാരുടെ വിശ്രമകേന്ദ്രമാകും

news image
Jul 12, 2026, 4:39 am GMT+0000 payyolionline.in

വടകര: റെയിൽവേ സ്റ്റേഷൻ പരിസരത്ത് വർഷങ്ങളായി പൂട്ടിക്കിടന്ന പഴയ ആർ.എം.എസ്. (റെയിൽവേ മെയിൽ സർവീസ്) ഓഫീസ് കെട്ടിടം യാത്രക്കാർക്കുള്ള അത്യാധുനിക വിശ്രമകേന്ദ്രമായി മാറുന്നു. ഇതിനൊപ്പം തന്നെ റെയിൽവേയുടെ മൂന്ന് പ്രധാന ഓഫീസുകളും ഈ കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കും. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന കെട്ടിടത്തിന്റെ നവീകരണ പ്രവൃത്തികൾ ഇപ്പോൾ വേഗത്തിൽ പുരോഗമിക്കുകയാണ്. പഴയ കെട്ടിടമായതിനാൽ ഘടന ബലപ്പെടുത്തി കട്ടിലകളും ജനലുകളും പൂർണ്ണമായി മാറ്റിസ്ഥാപിച്ചു കഴിഞ്ഞു. നിലവിൽ മേൽക്കൂര ഷീറ്റിടുന്ന പ്രവൃത്തികളാണ് നടക്കുന്നത്. സ്റ്റേഷൻ നവീകരണത്തിന്റെ കരാറെടുത്ത പെരുമാലിൽ കൺസ്ട്രക്ഷൻസ് തന്നെയാണ് ഒരു മാസത്തിനകം ഈ പ്രവൃത്തികളും പൂർത്തിയാക്കുക.

​യാത്രക്കാർക്കായി രണ്ട് എ.സി. വിശ്രമമുറികളും മൂന്ന് എ.സി. ഡോർമെട്രികളുമാണ് ഇവിടെ ഒരുക്കുന്നത്. നിലവിൽ ഒന്നാം പ്ലാറ്റ്‌ഫോമിൽ മണിക്കൂർ വാടകനിരക്കിൽ പ്രവർത്തിക്കുന്ന എ.സി. ഹാൾ ഉണ്ടെങ്കിലും രാത്രികാലങ്ങളിൽ ഉൾപ്പെടെ തങ്ങാൻ കഴിയുന്ന മുറികളോ ഡോർമെട്രിയോ വടകര സ്റ്റേഷനിൽ ലഭ്യമല്ല. പുതിയ സൗകര്യം വരുന്നതോടെ ദൂരയാത്രക്കാർക്ക് ഇത് വലിയ അനുഗ്രഹമാകും. ഇതിനുപുറമെ റെയിൽവേ സീനിയർ സെക്ഷൻ എൻജിനിയർ വർക്ക്, സീനിയർ സെക്ഷൻ എൻജിനിയർ ഇലക്ട്രിക്കൽ, ഹെൽത്ത് വിഭാഗം എന്നിവയുടെ ഓഫീസുകളും ഇതേ കെട്ടിടത്തിലേക്ക് മാറ്റും. ഇതിൽ എൻജിനിയറിങ് ഓഫീസുകൾ നിലവിൽ വടകരയിൽ ഇല്ലാത്തവയാണ്. പഴയ ക്വാർട്ടേഴ്സിൽ താൽക്കാലികമായി പ്രവർത്തിക്കുന്ന ഹെൽത്ത് വിഭാഗത്തിന് പുതിയ കെട്ടിടം വരുന്നതോടെ സ്ഥിരം സംവിധാനമാകും.

​റെയിൽവേയുടെ ഉടമസ്ഥതയിലുള്ള കണ്ണായ ഈ സ്ഥലത്ത് 1982-ലാണ് തപാൽവകുപ്പ് ആർ.എം.എസ് ഓഫീസിനായി കെട്ടിടം നിർമിച്ചത്. സ്റ്റേഷനിലേക്ക് തപാൽ ഉരുപ്പടികൾ എളുപ്പത്തിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നൽകിയ ഈ സ്ഥലത്തിന് തപാൽവകുപ്പ് റെയിൽവേക്ക് വാടകയും നൽകിയിരുന്നു. എന്നാൽ വടകര സ്റ്റേഷൻ അമൃത് ഭാരത് പദ്ധതിയിൽ നവീകരിക്കാൻ തുടങ്ങിയതോടെ കെട്ടിടം ഒഴിഞ്ഞുതരണമെന്ന് കാണിച്ച് റെയിൽവേ കത്ത് നൽകി. ഇതിനെതിരെ പ്രാദേശികമായി വലിയ സമരങ്ങൾ നടന്നെങ്കിലും, പിന്നീട് ഓഫീസ് ലയനത്തിന്റെ ഭാഗമായി 2024 ഡിസംബറിൽ വടകര ആർ.എം.എസ്. ഓഫീസ് കോഴിക്കോട്ടേക്ക് മാറ്റാൻ തപാൽവകുപ്പ് തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് കെട്ടിടവും പരിസരവും റെയിൽവേക്ക് തിരികെ ലഭിച്ചതും പുതിയ വികസനത്തിന് വഴിയൊരുങ്ങിയതും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe