തൃശൂർ: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര കൊടുത്തതിന്റെ പശ്ചാത്തലത്തിൽ സ്വകാര്യ ബസുകൾക്കും സർക്കാർ സഹായം വേണമെന്ന് ആവശ്യപ്പെട്ട് ഉടമകൾ. സ്വകാര്യ ബസുകൾ സർക്കാർ ഏറ്റെടുക്കണമെന്ന് പ്രൈവറ്റ് ഓപ്പറേറ്റേർസ് ഫെഡറേഷൻ ആവശ്യപ്പെട്ടു. ഡ്രൈവറെ ബസ് ഉടമ നിയമിക്കാം, കണ്ടക്ടറെ സർക്കാർ വെക്കട്ടേയെന്നും തൃശൂരിൽ ചേർന്ന യോഗത്തിന് ശേഷം സ്വകാര്യ ബസ് ഉടമകൾ പ്രതികരിച്ചു.
‘കെഎസ്ആർടിസിക്ക് കൊടുക്കുന്നത് പോലെ സർക്കാർ ധനസഹായം സ്വകാര്യ ബസുകൾക്കും നൽകണം. ഒരു ബസിന് നിശ്ചിത തുക സർക്കാർ തരണം. കിലോമീറ്ററിന് 55 രൂപ സർക്കാർ നൽകണം. കളക്ഷൻ സർക്കാരിന് നൽകാം. മറ്റെല്ലാ ചെലവുകളും ഉടമകൾ നടത്തും. അതല്ലെങ്കിൽ സ്വകാര്യ ബസുകളും വനിതകൾക്ക് സൗജന്യം നൽകാം. സർക്കാർ പണം തന്നാൽ മതി. ഇതിന് രണ്ടിനും തയ്യാറല്ലെങ്കിൽ പകുതി വിലയ്ക്ക് ഡീസൽ നൽകണം. റോഡ് ടാക്സ് ഒഴിവാക്കണം’, സ്വകാര്യ ബസ് ഉടമകൾ പ്രതികരിച്ചു.
ബജറ്റിന് ശേഷം മുഖ്യമന്ത്രിയെ കാണുമെന്നും ബസുടമകൾ വ്യക്തമാക്കി. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ജൂലൈ മുതൽ സമരത്തിലേക്ക് പോകാൻ നിർബന്ധിതരാകുമെന്നും അവർ പ്രതികരിച്ചു. ബജറ്റിൽ തങ്ങൾക്ക് അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് നേരത്തെ സ്വകാര്യ ബസ് ഉടമകൾ പ്രതികരിച്ചിരുന്നു. കെഎസ്ആർടിസിയിൽ വനിതകൾക്ക് യാത്ര സൗജന്യമാക്കിയത് സ്വകാര്യ ബസ് മേഖലയെ കാര്യമായി ബാധിക്കുമെന്നും ആയിരക്കണക്കിന് ജീവനക്കാരുടെ തൊഴിലിന് ഭീഷണിയാകുമെന്നും അടക്കം സ്വകാര്യ ബസ് ഉടമകൾ നേരത്തെ പ്രതികരിച്ചിരുന്നു. വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ ചർച്ച ചെയ്യാനാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഇന്ന് തൃശൂരിൽ യോഗം ചേർന്നത്.
തിങ്കളാഴ്ച മുതലാണ് സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിയായ പ്രിയദർശിനി ആരംഭിച്ചത്. മുഖ്യമന്ത്രി വി ഡി സതീശനാണ് പദ്ധതി ഉദ്ഘാടനം നിർവഹിച്ചത്. തിരുവനന്തപുരം പാപ്പനംകോഡ് ഡിപ്പോയുടെ ബസിൽ തമ്പാനൂർ മുതൽ പെരുമാതുറ വരെയായിരുന്നു പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടന യാത്ര.
സൗജന്യ യാത്രയ്ക്കായി സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വ്യക്തികൾക്കും തിരിച്ചറിയൽ കാർഡോ രജിസ്ട്രേഷനോ ആവശ്യമില്ല. പ്രായമുൾപ്പെടെ മാനദണ്ഡവുമല്ല. എല്ലാ സ്ത്രീകൾക്കും സൗജന്യ യാത്ര അനുവദിച്ചതിനാൽ വിദ്യാർത്ഥിനികൾക്ക് ഓർഡിനറി കെഎസ്ആർടിസി ബസുകളിൽ ഇനി കൺസെഷൻ ടിക്കറ്റ് ആവശ്യമില്ല. സൗജന്യ യാത്ര അനുവദിക്കുന്ന ബസുകളുടെ മുന്നിലും സൈഡിലുമായി ‘പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര’ എന്ന് എഴുതിയിട്ടുണ്ടാകും.
