തിരുവനന്തപുരം: ആരോഗ്യവകുപ്പ് മുൻ ഡയറക്ടറെ സ്ഥലം മാറ്റിയ നടപടിയിൽ പിഴവ് തിരുത്തി സംസ്ഥാന സർക്കാർ. കെ ജെ റീന 15 ദിവസം അവധി എടുത്തു എന്ന പരാമർശം ഒഴിവാക്കി. ഈ പരാമർശം ഒഴിവാക്കിയുള്ള പുതിയ ഉത്തരവ് ആരോഗ്യവകുപ്പ് പുറത്തിറക്കി.
കെ ജെ റീനയെ സ്ഥലം മാറ്റിയത് വിവാദമായിരുന്നു. നിപ പോലൊരു സാഹചര്യത്തിൽ കെ ജെ റീന 15 ദിവസം അവധിയെടുത്തെന്ന് ആരോപിച്ചായിരുന്നു സ്ഥലം മാറ്റിയത്. എന്നാൽ റീന 15 ദിവസം അവധിയെടുത്തില്ലെന്നും രണ്ടര ദിവസം മാത്രമാണ് അവധി എടുത്തതെന്നുമുള്ള രേഖ പുറത്തുവിട്ടിരുന്നു.
തന്നോട് യാതൊരു കൂടിയാലോചനയുമില്ലാതെയാണ് നടപടിയെന്നും റീന റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു. ‘ഉത്തരവ് പുറത്തിറങ്ങിയപ്പോഴാണ് സ്ഥാനമാറ്റം അറിഞ്ഞത്. ആരോഗ്യപ്രശ്നമുണ്ടെന്ന് പറഞ്ഞ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് അവധി ആവശ്യപ്പെട്ടുള്ള കത്ത് അയച്ചിട്ടാണ് രണ്ടര ദിവസം അവധിയെടുത്തത്. അതെങ്ങനെ 15 ദിവസം എന്ന് കാണിച്ചു. എനിക്ക് അത്ഭുതമാണ് തോന്നുന്നത്. ശബരിമലയിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിട്ടുനൽകില്ലെന്ന് പറഞ്ഞിട്ടില്ല. ഇതൊരു നടപടിയായി തോന്നുന്നു’, എന്നായിരുന്നു റീനയുടെ പ്രതികരണം.
എറണാകുളം റീജിയണൽ പബ്ലിക് ഹെൽത്ത് ലാബിലേക്കാണ് ഡോക്ടർ റീനയെ സ്ഥലം മാറ്റിയിരിക്കുന്നത്. അഡീഷണൽ ഡയറക്ടർ ഡോ. വി മീനാക്ഷിക്കാണ് ആരോഗ്യവകുപ്പ് ഡയറക്ടറുടെ താത്കാലിക ചുമതല. കോഴിക്കോട് നിപ സ്ഥിരീകരിക്കുകയും സംസ്ഥാനത്ത് ഷിഗെല്ല ബാധയെ തുടർന്ന് മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ആരോഗ്യ വകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയത്.
