ജനാധിപത്യം അർത്ഥവത്താകുന്നത്‌ ഏറ്റവും സാധാരണക്കാർക്കായി പ്രവർത്തിക്കുമ്പോൾ: മുഖ്യമന്ത്രി

news image
Jul 27, 2023, 10:21 am GMT+0000 payyolionline.in

തിരുവനന്തപുരം > ഏറ്റവും സാധാരണക്കാർക്കുവേണ്ടി പ്രവർത്തിക്കുമ്പോഴാണ്‌ ജനാധിപത്യം കൂടുതൽ അർഥവത്താകുകയെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ജനാധിപത്യ സംവിധാനത്തിൽ ജനങ്ങളോടാണ്‌ സർക്കാരുകൾക്കും സർക്കാർ സംവിധാനങ്ങൾക്കും ഉത്തരവാദിത്വം ഉണ്ടാകേണ്ടത്‌. ഇത്‌ മനസിൽവച്ചാകണം സിവിൽ സർവീസ്‌ രംഗത്തേക്ക്‌ കടന്നുവരേണ്ടത്‌ എന്നും സെന്റർ ഫോർ കണ്ടിന്യൂയിങ്‌ എഡ്യൂക്കേഷൻ സംഘടിപ്പിച്ച സിവിൽ സർവീസ്‌ വിജയികൾക്കുള്ള അനുമോദനച്ചടങ്ങ്‌ ഉദ്‌ഘാടനംചെയ്‌ത്‌ അദ്ദേഹം പറഞ്ഞു.ഇന്ത്യൻ സിവിൽ സർവീസിന്റെ അടിസ്ഥാന ഘടകം ഇന്ത്യ എന്ന സങ്കൽപ്പമാണ്‌. ഇന്ത്യയെ ഫെഡറൽ തത്വങ്ങളിൽ ഊന്നിയ സോഷ്യലിസ്‌റ്റ്‌, മതനിരപേക്ഷ, ജനാധിപത്യ റിപ്പബ്ലിക്കായാണ്‌ ഭരണഘടന വിഭാവനംചെയ്യുന്നത്‌. വൈവിധ്യമാർന്ന സംസ്‌കാരങ്ങൾ, ഭാഷകൾ, ജീവിതരീതികൾ ഇവയുടെ സംഗമഭൂമിയാണ്‌ ഇന്ത്യ. ഈ വൈവിധ്യങ്ങളെ തകർത്ത്‌ നാടിന്റെ സമാധാനാന്തരീക്ഷം ഇല്ലാതാക്കാൻ ശ്രമമുണ്ടാകുന്നു. രാജ്യംതന്നെ ലജ്ജിച്ചു തലതാഴ്‌ത്തുന്ന തലത്തിലേക്ക്‌ അത്തരം ചില പ്രവർത്തനങ്ങൾ എത്തിച്ചേരുന്നു. ഈയൊരു സന്നിഗ്ധഘട്ടത്തിൽ സിവിൽ സർവീസിന്റെ ഭാഗമാകുന്നവർക്ക്‌, ഇന്ത്യ എന്ന ആധുനിക രാഷ്ട്ര സങ്കൽപ്പത്തിന്റെ അടിസ്ഥാന സങ്കൽപ്പങ്ങളെ ബലപ്പെടുത്താനും അതുവഴി ജനാധിപത്യത്തെ ശക്തിപ്പെടുത്താനും കഴിയണം.

പൊതുസേവനത്തിന്റെ ഔന്നത്യം മനസിലാക്കുംവിധമുള്ള പാഠ്യപദ്ധതി സ്‌കൂൾതലം മുതൽ ആവിഷ്‌കരിച്ചാണ്‌ നമ്മുടെ നാട്‌ മുന്നോട്ടുപോകുന്നത്‌. വിജ്ഞാനം വിതരണംചെയ്യുക മാത്രമല്ല, അവയ്‌ക്ക്‌ മാനുഷികമായ അന്തസത്തയും നൽകുന്നു. ഈ വിദ്യാഭ്യാസ പ്രക്രിയയിലൂടെ കടന്നുവന്ന ഒരാൾ സിവിൽ സർവീസിന്റെ ഭാഗമാകുമ്പോൾ ആ ഗുണം സർവീസിനും ലഭിക്കണം. മാനവികതയിലും സാഹോദര്യത്തിലും കേരളം ഉയർത്തുന്ന മാതൃകകളെ സിവിൽ സർവീസുമായി കൂട്ടിച്ചേർക്കുന്ന പാലങ്ങളായി പ്രവർത്തിക്കാനാകണം.കേരളത്തിൽ സിവിൽ സർവീസ്‌ ലക്ഷ്യമിടുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടാകുന്നത്‌ ശുഭസൂചകമാണ്‌. നൂതന സാങ്കേതികവിദ്യകൾ വലിയ പുരോഗതി കൈവരിച്ച ഈ ഘട്ടത്തിൽ അത്തരം മേഖലകളിലെ തൊഴിലുകളിലേക്ക്‌ അഭിമുഖ്യമുണ്ടാവുക സ്വാഭാവികം. അത്തരമൊരു ഘട്ടത്തിലും പൊതുസേവന രംഗത്തേക്ക്‌ യുവത കടന്നുവരുന്നു എന്നത്‌ മാതൃകാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.കേരളത്തിൽനിന്ന്‌ സിവിൽ സർവീസ്‌ നേടിയ 38 പേരെയും ഫോറസ്‌റ്റ്‌ സർവീസ്‌ നേടിയ ആറുപേരെയുമാണ്‌ ആദരിച്ചത്‌. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷയായി. പ്രിൻസിപ്പൽ സെക്രട്ടറി ഇഷിതാ റോയ്‌, സെന്റർ ഫോർ കണ്ടിന്യുയിങ്‌ എഡ്യൂക്കേഷൻ ഡയറക്ടർ രാജീവ്‌ കുമാർ ചൗധരി എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe