കസ്റ്റംസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ലക്ഷങ്ങളുടെ തട്ടിപ്പ്; പ്രതി പിടിയിൽ

news image
Nov 27, 2026, 2:30 pm GMT+0000 payyolionline.in

മലപ്പുറം: കസ്റ്റംസ് ഉദ്യോഗസ്ഥനാണെന്ന് വിശ്വസിപ്പിച്ച് സ്വർണം നൽകാമെന്ന വാഗ്ദാനത്തിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം വടക്കാങ്ങര തടത്തിൻകുണ്ട് സ്വദേശി അറക്കൽ മുഹമ്മദ് ഷിബിലി (30)യെയാണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജൂണിലാണ് കേസിനാസ്പദമായ സംഭവം. തിരൂരിലുള്ള ഒരു സ്ത്രീയുടെ മൊബൈൽ ഫോണിലേക്ക് വിളിച്ച പ്രതി കോഴിക്കോട് കസ്റ്റംസ് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പിന് തുടക്കമിട്ടത്. കസ്റ്റംസ് കേസുകളിൽ പിടിച്ചെടുത്ത സ്വർണാഭരണങ്ങൾ പാവപ്പെട്ടവർക്ക് വിതരണം ചെയ്യുന്ന പ്രത്യേക പദ്ധതിയുണ്ടെന്ന് സ്ത്രീയെ വിശ്വസിപ്പിച്ചു.

 

ഈ പദ്ധതിയുടെ ഭാഗമായി സ്വർണം ലഭിക്കുന്നതിന് നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതി പണം കൈക്കലാക്കിയത്. വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തതായാണ് കേസ്. സമാനമായ രീതിയിൽ പ്രതിക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇൻസ്‌പെക്ടർ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. സമാനമായ തട്ടിപ്പുകൾക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസുകൾ നിലവിലുള്ളതിനാൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe